തിരുവനന്തപുരം :സ്കൂൾവാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാൻ കഴിയുന്ന വിദ്യാവാഹൻ’ മൊബൈൽ ആപ്പ് പ്രവർത്തനസജ്ജമായി.
വിദ്യാർഥികളുടെ യാത്ര രക്ഷിതാക്കൾക്ക് ഇനി എവിടെയിരുന്നും നിരീക്ഷിക്കാം.
സ്കൂൾ ബസ് എപ്പോഴെത്തുമെന്ന്
ഉൾപ്പെടെ ആപ്പിലൂടെ അറിയാം.
ഓരോ രക്ഷിതാക്കൾക്കും അവരുടെ കുട്ടികളുടെ സ്കൂൾ ബസ് ട്രാക്ക് ചെയ്യാൻ ആപ്പിലൂടെ കഴിയും.സ്കൂൾ വാഹനങ്ങളെ ജി.പി.എസു മായി ബന്ധിപ്പിച്ച് മോട്ടോർവാഹനവകുപ്പ് തയ്യാറാക്കിയ സുരക്ഷാ മിത്ര’ സോഫ്റ്റ്വെയറിൽനിന്നുള്ള വിവരങ്ങളാണ് മൊബൈൽ ആപ്പിൽ ലഭിക്കുക. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലേർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കൾക്ക് വിദ്യവാഹൻ ആപ്പ് വഴി ലഭ്യമാകും.അടിയന്തിര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.
ആപ്പ് ഉപയോഗിക്കുന്നതിന് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് സ്കൂൾ അധികൃതരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിനായി 18005997099 ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്താം
നിലവിൽ അംഗീകൃത സ്കൂൾ വാഹനങ്ങൾക്കെല്ലാം വെഹിക്കിൾ ലൊക്കേഷൻ ഡിവൈസ് (ജി.പി.എസ്.) നിർബന്ധമാണ്. വാഹനത്തിന്റെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം ഓൺലൈനിൽ അറിയാനാകും. വാഹനം അപകടത്തിൽപ്പെട്ടാൽ വിവരം ഉടൻ കൺട്രോൾ റൂമിലും എത്തും.
‘സുരക്ഷാമിത്ര’ സംവിധാനം രണ്ടുവർഷത്തിലേറെയായി സജ്ജമാണെങ്കിലും മൊബൈൽ ആപ്പ് ഇല്ലാത്തതിനാൽ ഇതിന്റെ പ്രയോജനം രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ലഭിച്ചിരുന്നില്ല. “സുരക്ഷാമിത്ര’യിൽ നിന്നുള്ള ഡേറ്റ ആപ്പിലേക്ക് സ്വീകരിക്കുന്നതിലെ തടസ്സമായിരുന്നു കാരണം.
ആപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.
2.രക്ഷിതാവിന്റെ മൊബൈൽ നമ്പറിലാണ് രജിസ്റ്റർചെയ്യേണ്ടത്. ഈ നമ്പറായിരിക്കണം സ്കൂളിലും നൽകേണ്ടത്.
3.ഓരോ സ്കൂൾവാഹനങ്ങൾക്കും പ്രത്യേക യൂസർനെയിമും ലോഗിനും നൽകിയിട്ടുണ്ട്. ഇതുപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പും യാത്രചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും (രക്ഷിതാക്കളുടെ മൊബൈൽ നമ്പറും) ഉൾ ക്കൊള്ളിക്കണം.
4.ബസ് യാത്ര തുടങ്ങുന്നതുമുതൽ രക്ഷിതാക്കൾക്ക് യാത്ര നിരീക്ഷി ക്കാനാകും.
5. അതിവേഗമെടുത്താൽ രക്ഷിതാവിനും മുന്നറിയിപ്പ് ലഭിക്കും.
5. കുട്ടികൾ വെവ്വേറെ സ്കൂളുകളിലാണെങ്കിലും ഒറ്റ ആപ്പിൽ നിരീക്ഷിക്കാം.
6.24,530 സ്കൂൾ ബസുകൾ സുരക്ഷാമി ത്രയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
Discussion about this post