തൃശൂർ: പാവറട്ടിയിൽ കടന്നൽ കൂട്ടിലേക്ക് കല്ലെറിഞ്ഞ വിദ്യാർത്ഥിനികൾക്ക് കുത്തേറ്റു. പാവറട്ടി സികെസി ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുപി വിഭാഗത്തിലെ 30 ഓളം പേർക്കാണ് കടന്നൽ കുത്തേറ്റത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്കൂളിന് പുറകിൽ ഗ്രൗണ്ടിനോട് ചേർന്നുള്ള പറമ്പിലെ മാവിലാണ് കടന്നലുകൾ കൂട് കൂട്ടിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഇവിടെ കളിക്കാനെത്തിയ വിദ്യാർത്ഥിനികൾ തേൻ ലഭിക്കുമെന്ന് കരുതി കല്ലെടുത്ത് കൂട്ടിലേക്ക് എറിയുകയായിരുന്നു. ഇതോടെ കടന്നൽ കൂട്ടം വിദ്യാർത്ഥിനികൾക്ക് നേരെ പാഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് കടന്നൽകൂട്ടം ആക്രമിക്കുന്നതായി കണ്ടത്. ഉടനെ വിദ്യാർത്ഥിനികളെ അടുത്ത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അടുത്തിടെയാകാം കടന്നലുകളിൽ സ്കൂൾ കോമ്പൗണ്ടിൽ കൂട് കൂട്ടിയത് എന്ന് അദ്ധ്യാപകർ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു. വനംവകുപ്പിന്റെ സഹായത്തോടെ കടന്നൽകൂട് നശിപ്പിച്ചിട്ടുണ്ട്. സ്കൂളിന് ഇന്നും അടുത്ത ദിവസങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post