കൊച്ചി: മോഹൻലാൽ – ഷാജി കൈലാസ് ടീമിന്റെ ഏലോൺ ഈ മാസം 26 ന് തിയറ്ററിലെത്തും. മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനത്തിലൂടെ കഥ പറയുന്ന സിനിമ പ്രേക്ഷകർക്ക് പുതിയ അനുഭവമാകും സമ്മാനിക്കുക.
ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.
നിഗൂഢതകൾ ഒളിപ്പിച്ചാണ് ട്രെയ്ലറും ഒരുക്കിയിരിക്കുന്നത്. പ്രപഞ്ചമെന്നത് കാര്യകാരണങ്ങളാൽ ബന്ധിതമാണ്. ഒരു കാരണവുമില്ലാതെ ഒന്നും ഈ ലോകത്ത് സംഭവിക്കുന്നില്ല എന്ന് തുടങ്ങുന്ന മോഹൻലാലിന്റെ ഡയലോഗോടെയാണ് ട്രെയ്ലർ തുടങ്ങുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ദിഖ് തുടങ്ങിയവർ ശബ്ദം കൊണ്ട് സിനിമയിൽ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. ഇവരുടെ ശബ്ദ സംഭാഷണങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിരുന്നു.
മോഹൻലാൽ താമസിക്കുന്ന 13 എ ഫ്ലാറ്റിൽ സംഭവിക്കുന്ന അസ്വാഭാവികമായ കാര്യങ്ങളാണ് സിനിമയുടെ കഥ. പ്രേതബാധയുടെ സാന്നിധ്യം അനുഭവപ്പെടുകയും അതിലൂടെ കഥ സഞ്ചരിക്കുകയുമാണ്. രാജേഷ് ജയരാമനാണ് തിരക്കഥ.












