ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി യോജന’ രാജ്യത്ത് പുതിയ ചരിത്രം കുറിക്കുന്നു. പദ്ധതിയിലൂടെ പുരപ്പുറ സോളർ സ്ഥാപിച്ച വീടുകളുടെ എണ്ണം 60 ലക്ഷം പിന്നിട്ടു. ഏറ്റവും വിപ്ലവകരമായ നേട്ടം, സോളർ പാനലുകൾ സ്ഥാപിച്ചതിൽ 21 ലക്ഷത്തോളം വീടുകളിൽ പ്രതിമാസ വൈദ്യുതി ബിൽ പൂജ്യമായി മാറി എന്നതാണ്. ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി പ്രാദേശിക ഗ്രിഡിലേക്ക് നൽകുന്നതിലൂടെ പല കുടുംബങ്ങൾക്കും സാമ്പത്തിക ലാഭവും ലഭിക്കുന്നുണ്ട്.
രാജ്യത്തുടനീളം ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2024 ഫെബ്രുവരിയിൽ പദ്ധതിക്ക് തുടക്കമിട്ടത്. 75,021 കോടി രൂപയുടെ പദ്ധതി വിഹിതത്തിൽ ഇതിനോടകം 33,000 കോടിയിലധികം രൂപ സബ്സിഡിയായി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കഴിഞ്ഞു. 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് പരമാവധി 78,000 രൂപ വരെയാണ് കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകുന്നത്. ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്ര ആനുകൂല്യത്തിന് പുറമേ സ്വന്തം നിലയ്ക്ക് അധിക സബ്സിഡിയും ലഭ്യമാക്കുന്നുണ്ട്.
തുടക്കത്തിൽ സ്മരണീയമായ രീതിയിലായിരുന്ന പദ്ധതിയുടെ വളർച്ച ഡിജിറ്റൽ നടപടികൾ ലളിതമാക്കിയതോടെ അതിവേഗത്തിലായി. ആദ്യത്തെ ഒരു ലക്ഷം ഉപഭോക്താക്കളെ കണ്ടെത്താൻ 118 ദിവസമെടുത്ത സ്ഥാനത്ത്, ഇപ്പോൾ വെറും 6 ദിവസം കൊണ്ട് ഒരു ലക്ഷം കുടുംബങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഡിസ്കോം (DISCOM) അനുമതികളും സാങ്കേതിക പരിശോധനകളും എളുപ്പമാക്കിയതാണ് ജനങ്ങളെ സോളറിലേക്ക് കൂടുതലായി ആകർഷിച്ചത്. ഈ രംഗത്ത് സാങ്കേതിക വിദഗ്ധർക്കും പ്രാദേശിക വെണ്ടർമാർക്കും വലിയ തൊഴിലവസരങ്ങളാണ് പുതിയ മുന്നേറ്റത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
കേരളത്തിലും പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) നടപ്പിലാക്കുന്ന ‘സേവാ സേതു’ പോലുള്ള പ്രത്യേക ക്യാമ്പെയ്നുകൾ വഴി പതിനായിരക്കണക്കിന് വീടുകളാണ് ഇതിനോടകം പദ്ധതിയുടെ ഭാഗമായത്. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കാനും വൈദ്യുതി വിതരണ ചെലവ് ഗണ്യമായി കുറയ്ക്കാനും ഇത് വഴിയൊരുക്കുന്നു.












