ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായുള്ള (ആർസിബി) തന്റെ ബന്ധത്തെക്കുറിച്ചും ടീമിനുള്ളിൽ നടന്ന അറിയാക്കഥകളെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. മുൻ താരം ആകാശ് ചോപ്രയുമായുള്ള പോഡ്‌കാസ്റ്റിലാണ് ആർസിബിയിൽ നാല് സീസണുകളിൽ കളിച്ച പാർത്ഥിവ് മനസ്സ് തുറന്നത്. 2020 സീസണിൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിക്കാതെ പോയ പാർത്ഥിവ്, വിരമിക്കലിന് ശേഷം ബെംഗളൂരു ടീമിനെതിരെ പരിഹാസ രൂപേണ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നു. എന്നാൽ ടീമിനോട് തനിക്ക് എപ്പോഴും ഒരു പ്രത്യേക പ്രിയമുണ്ടെന്നും, 2014-ലെ മെഗാ ലേലത്തിൽ ലോകോത്തര ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ ടീമിലെടുക്കാൻ താൻ ആർസിബി മാനേജ്‌മെന്റിനോട് നിർദ്ദേശിച്ചിരുന്നുവെന്നും പാർത്ഥിവ് വെളിപ്പെടുത്തി.
2019 സീസണിൽ തന്റെ പിതാവ് കോമയിലായിരുന്നപ്പോൾ മത്സരങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് പറക്കുകയും തിരികെയെത്തി വീണ്ടും കളിക്കുകയും ചെയ്ത ഘട്ടത്തിൽ ആർസിബി നൽകിയ പിന്തുണ മറക്കാനാകില്ലെന്ന് താരം ഓർത്തെടുത്തു. 2020 സീസണിൽ ആർസിബിയുടെ നായകസ്ഥാനം തനിക്ക് ഓഫർ ചെയ്തിരുന്നുവെന്ന വൻ വെളിപ്പെടുത്തലും പാർത്ഥിവ് നടത്തി. അന്നത്തെ പരിശീലകരായിരുന്ന ഗാരി കിർസ്റ്റണും ആശിഷ് നെഹ്റയുമാണ് നായകസ്ഥാനത്തേക്ക് തന്നെ പരിഗണിച്ചിരുന്നതെന്നും, എന്നാൽ തൊട്ടടുത്ത സീസണിൽ അവർ രണ്ടുപേരും ടീം വിട്ടതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പകരം മൊയീൻ അലിയോ താനോ നായകനാകുമെന്ന ഘട്ടത്തിൽ നിന്നാണ് തൊട്ടടുത്ത സീസണിൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിക്കാതെ താൻ പുറത്തിരുന്നതെന്ന് പാർത്ഥിവ് കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ ആർസിബിക്ക് പുറമെ മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിംഗ്സിനും വേണ്ടി കളിച്ച അനുഭവവും പാർത്ഥിവ് പങ്കുവെച്ചു. ഏറ്റവും കൂടുതൽ ആസ്വദിച്ച് കളിച്ചത് മുംബൈ ഇന്ത്യൻസിലാണെന്ന് പറഞ്ഞ താരം, താരങ്ങളെ വൈകാരികമായി ടീമുമായി അടുപ്പിച്ചു നിർത്തുന്നതിൽ മുംബൈ മാനേജ്‌മെന്റ് വിജയിച്ചുവെന്നും വ്യക്തമാക്കി. ഒരു താരം സെഞ്ചുറിയടിച്ചാലും പൂജ്യത്തിന് പുറത്തായാലും ഒരേ രീതിയിൽ പിന്തുണ നൽകുന്ന സംസ്കാരമാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റേതെന്നും, എന്നാൽ കളിക്കാരുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ മുംബൈ ഇന്ത്യൻസിനാണ് സാധിച്ചതെന്നും പാർത്ഥിവ് നിരീക്ഷിച്ചു.









