ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്, രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി 42 മുൻ ന്യായാധിപന്മാരും മുൻ മുതിർന്ന ഉദ്യോഗസ്ഥരും രംഗത്ത്. ഇന്ത്യയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പുറപ്പെടുവിച്ച കത്തിൽ, രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ നടത്തുന്ന അടിസ്ഥാനരഹിതമായ ആക്രമണങ്ങൾ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുമെന്ന് മുൻ ന്യായാധിപന്മാർ ചൂണ്ടിക്കാട്ടി.
സ്ഥാപനങ്ങളെ വിദഗ്ധമായി വിമർശിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെന്നും എന്നാൽ അവയെ അപകീർത്തിപ്പെടുത്തുന്നതും ചെറുതാക്കി കാണിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും തുറന്ന കത്തിൽ വ്യക്തമാക്കുന്നു. ‘വോട്ട് മോഷണം’ എന്ന ആരോപണത്തിന് യാതൊരുവിധ തെളിവുകളുമില്ലെന്ന് ചൂണ്ടിക്കാണിച്ച അവർ, കോടതികൾക്ക് മുന്നിൽ തെളിവുകൾ ഹാജരാക്കാതെ മാധ്യമസമ്മേളനങ്ങളിൽ മാത്രമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതെന്ന് വിമർശിച്ചു.
ജനപ്രാതിനിധ്യ നിയമം 1950-ലെ വകുപ്പ് 21(3) പ്രകാരം നിർദ്ദേശിച്ചിട്ടുള്ള വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) തികച്ചും നിയമപരമാണെന്നും ഉന്നത നീതിപീഠം പോലും ഇതിന്റെ സാധുത ശരിവെച്ചിട്ടുണ്ടെന്നും കത്തിൽ വിശദീകരിക്കുന്നുണ്ട്. മരിച്ചവരുടെ പേരുകൾ നീക്കം ചെയ്യാനും ഇരട്ട വോട്ടുകൾ ഒഴിവാക്കാനും കൃത്യമായ വോട്ടർ പട്ടിക ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നടപടിക്രമത്തെ ഗൂഢാലോചനയായി ചിത്രീകരിക്കുന്നത് നിർഭാഗ്യകരമാണ്.
തോൽവികൾ ഉണ്ടാകുമ്പോൾ മാത്രം ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്ന രീതി രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഭരണഘടനാ സ്ഥാപനങ്ങളിലുള്ള വിശ്വാസം തകർക്കാൻ ശ്രമിക്കരുതെന്നും പരാതികൾ തെളിവുകൾ സഹിതം കമ്മീഷനും കോടതികൾക്കും മുന്നിൽ സമർപ്പിക്കണമെന്നും രാഷ്ട്രീയ പാർട്ടികളോടും മാധ്യമങ്ങളോടും പൗരന്മാരോടും മുൻ ന്യായാധിപന്മാർ ആഹ്വാനം ചെയ്തു












