തിരുവനന്തപുരം: തൊഴിലാളിവർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിലെ നേതാക്കൻമാരുടെ ആഡംബരങ്ങൾ വർഷങ്ങളായി പൊതുസമൂഹത്തിൽ നിരന്തരം ചർച്ചയാണ്. പലപ്പോഴും ഈ ആഡംബരം പരിധി വിടുന്നതിന്റെയും വാർത്തകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. പാർട്ടി പ്രാദേശിക ഘടകങ്ങളിൽ ഉൾപ്പെടെ പഴയ തലമുറ ഇത് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.
കുട്ടി സഖാക്കളിൽ ഉൾപ്പെടെ കണ്ടുവരുന്ന ഈ സ്വഭാവ ദൂഷ്യത്തിന് കടിഞ്ഞാൺ ഇടാൻ പാർട്ടി ഒടുവിൽ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി പാർട്ടി സമ്മേളനങ്ങൾക്കും സമര പരിപാടികൾക്കും പോകുന്ന നേതാക്കളുടെ വിമാന യാത്ര ഒഴിവാക്കണമെന്നാണ് ആദ്യ നിർദ്ദേശം.
സ്പോൺസർമാരുടെ സഹായത്തോടെയാണെങ്കിലും ഇത്തരം യാത്രകൾ വേണ്ടെന്നാണ് പാർട്ടി നിർദ്ദേശം. അംഗങ്ങളിൽ നിന്ന് പിരിവെടുത്ത് ട്രെയിനിലോ ബസിലോ പോകേണ്ടിവരും.
എന്നാൽ പാർട്ടി യാത്രാച്ചെലവ് വഹിക്കുന്ന നേതാക്കളെയും സൗജന്യ ടിക്കറ്റുള്ള എംപിമാരെയും ഒഴിവാക്കിയിട്ടുണ്ട്. അടുത്തിടെ ഡിവെെഎഫ്ഐ, എസ്എഫ്ഐ നേതാക്കളുടെ വിമാന യാത്രകൾക്ക് സിപിഎം നേതൃത്വം അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പാർട്ടി കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നത്.
എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് എത്തിയതിന് ശേഷമാണ് ഇക്കാര്യത്തിൽ കടുത്ത തീരുമാനങ്ങൾ നടപ്പാക്കി തുടങ്ങിയത്. പാർട്ടി കോൺഗ്രസുകളിലും സംസ്ഥാന സമ്മേളനങ്ങളിലും ഉൾപ്പെടെ നേതാക്കളുടെ ആഡംബര ജീവിതം നേരത്തെ മുതൽ ചർച്ചയാണെങ്കിലും ഇതിന് തടയിടാൻ ഒരു നടപടിയും സിപിഎം കൈക്കൊണ്ടിരുന്നില്ല.












