മുംബൈ: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. നിലവിൽ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന പന്ത് അതിവേഗം സുഖം പ്രാപിക്കുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ശസ്ത്രക്രിയക്ക് വേണ്ടി ബുധനാഴ്ചയാണ് പന്തിനെ വിമാനമാർഗം ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 30നായിരുന്നു അദ്ദേഹം അപകടത്തിൽ പെട്ടത്. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ ലിഗമെന്റ് സംബന്ധിയായ പരിക്കുകൾക്ക് ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ബിസിസിഐ അറിയിച്ചത്.
ബിസിസിഐ മെഡിക്കൽ സംഘവും കൃത്യമായി ഋഷഭ് പന്തിനെ നിരീക്ഷിക്കുന്നുണ്ട്. പന്തിനെ എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി തിരിച്ചു കൊണ്ടുവരാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
റൂർക്കിയിൽ നിന്നും ഡൽഹിയിലേക്കുള്ള രാത്രി യാത്രയിൽ വാഹനമോടിച്ചിരുന്ന ഋഷഭ് പന്ത്, ഉറങ്ങിപ്പോയതാണ് അപകടകാരണമായി വിലയിരുത്തപ്പെടുന്നത്. ഹമ്മദ്പൂരിന് സമീപം വെച്ച് ഡിവൈഡറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് തീപിടിക്കുകയായിരുന്നു. അപകടത്തിൽ താരത്തിന്റെ തലയ്ക്കും കാലിനും നടുവിനുമാണ് പ്രധാനമായും പരിക്കേറ്റത്. പൊള്ളലേറ്റ ഭാഗങ്ങളിൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.








