പട്‌ന: ബിഹാറില്‍ മാറ്റത്തിനുള്ള കളമൊരുങ്ങിയതായി തനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇനി വരുന്ന മൂന്ന് ഘട്ടത്തിലും അദ്ദേഹം റാലികളില്‍ പങ്കെടുക്കും.
ആറു ദിവസത്തിനുള്ളില്‍ 17 റാലികളിലാണ് മോദി പങ്കെടുക്കുക. ഒമ്പതുദിവസം മോദി പ്രചാരണത്തിനെത്താഞ്ഞത് ബി.ജെ.പി.ക്കുള്ളിലും പുറത്തും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അവസാന നിമിഷം അദ്ദേഹത്തിന്റെ റാലികള്‍ റദ്ദാക്കിയത് തെറ്റായ സന്ദേശം നല്‍കുമെന്ന് പാര്‍ട്ടി അംഗം ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. മോദിയുടെ അസാന്നിധ്യം പാര്‍ട്ടി തോല്‍വി മണക്കുന്നു എന്നതിന്റെ സൂചനയായി ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള എതിരാളികള്‍ വ്യാഖ്യാനിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇനിവരുന്ന മൂന്നുഘട്ടത്തിലും അദ്ദേഹം പ്രചാരണത്തിനിറങ്ങുമെന്നുകാട്ടി ബി.ജെ.പി പത്രപ്പരസ്യം നല്‍കിയത്.
ബിഹാര്‍ പിന്നാക്കസംസ്ഥാനമായി തുടരണമെന്നല്ല അതിനെ മുന്നാക്കസംസ്ഥാനമാക്കാനാണ് എന്‍.ഡി.എ. ആഗ്രഹിക്കുന്നതെന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മുസഫര്‍നഗറില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ലാലുവിന്റെ 15 വര്‍ഷത്തെ ഭരണത്തിന്‍കീഴില്‍ ദളിതരും പിന്നാക്കക്കാരും ഒട്ടേറെ സഹിച്ചെന്ന് ഷാ ആരോപിച്ചു. യുവാക്കള്‍, ദളിതര്‍, പിന്നാക്കക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കുവേണ്ടിയുള്ള വികസനനയങ്ങള്‍ക്കും അവ ഫലപ്രദമായി നടപ്പാക്കുന്നതിനും എന്‍.ഡി.എ.യ്ക്ക് വോട്ടുചെയ്യാന്‍ ഷാ അഭ്യര്‍ഥിച്ചു.
അതിനിടെ, മുലായംസിങ് യാദവിന്റെ മൂന്നാംമുന്നണിയില്‍ അംഗമായിരുന്ന സമ്രാസ് സമാജ് പാര്‍ട്ടി നേതാവ് നാഗ്മണി അതുവിട്ട് നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മഹാസഖ്യത്തില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യരണ്ടുഘട്ടങ്ങളിലും മൂന്നാംമുന്നണിയില്‍ നിന്നശേഷമാണ് നാഗ്മണിയുടെ കൂടുമാറ്റം.
Discussion about this post