ന്യൂഡൽഹി: ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശന കവാടമായ ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രദേശത്ത് നിന്ന് ആളുകളെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന നിർദ്ദേശത്തിന് പിന്നാലെയാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര, ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര സർക്കാരിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ജോഷിമഠിലെ ജില്ലാ ഉദ്യോഗസ്ഥരും ഉത്തരാഖണ്ഡിലെ മുതിർന്ന ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിംഗ് വഴിയും അവലോകന യോഗത്തിൽ പങ്കെടുക്കും.
പ്രദേശവാസികളായ 600ഓളം ആളുകളെ കഴിഞ്ഞ ദിവസമാണ് മാറ്റിപ്പാര്‍പ്പിച്ചത്.
ജോഷിമഠിനെ പൂർവ്വ സ്ഥിതിയിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും സ്ഥലം സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാദൗത്യത്തിന് ഹെലികോപ്റ്റർ സേവനവും സജ്ജമാക്കിയിട്ടുണ്ട്.











