വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി കൊലപ്പെടുത്തി. കൂർണൂൽ സ്വദേശി എഡിഗ ശിവകുമാർ ഗൗഡ (38)യെയാണ് കുത്തിക്കൊലപ്പെടുത്തിയത്. വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
വൈകീട്ടോടെയായിരുന്നു സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരികയായിരുന്നു ശിവകുമാർ. ഇതിനിടെയായിരുന്നു ആക്രമണം. വഴിയിൽ തടഞ്ഞു നിർത്തിയ അക്രമി സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ ആളുകൾ ചേർന്ന് ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യയും അഞ്ച് മക്കളുമാണ് ശിവകുമാറിനുള്ളത്. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ശിവകുമാർ നാല് മാസങ്ങൾക്ക് മുൻപാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നേതൃത്വവുമായി അദ്ദേഹത്തിന് എതിർപ്പുകൾ നിലനിന്നിരുന്നു. ഇതേ തുടർന്നായിരുന്നു പാർട്ടിവിട്ടത്. ബിജെപിയിൽ ചേർന്നതിന് പിന്നാലെ ശിവകുമാറിന് വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രവർത്തകരിൽ നിന്നും ഭീഷണി നിലനിന്നിരുന്നതായി ഭാര്യ പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചെന്നാണ് വിവരം. അതേസമയം ശിവകുമാറിന്റെ മരണത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.








