തിരുവനന്തപുരം : തൃക്കാക്കര കൂട്ടബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പിആർ സുനുവിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയുടേതാണ് നടപടി. ഈ വകുപ്പ് പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥനെ സേനയിൽ നിന്ന് പിരിച്ചുവിടുന്നത് ആദ്യമായിട്ടാണ്.
തുടർച്ചയായി കുറ്റകൃത്യങ്ങളിലേർപ്പെടുകയും അധികാര ദുർവിനിയോഗം നടത്തുകയും ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും ചെയ്യുന്ന വ്യക്തിക്ക് സേനയിൽ തുടരാൻ അധികാരമില്ലെന്ന് ഡിജിപി വ്യക്തമാക്കി.
15 തവണ വകുപ്പ് തല നടപടിയും ആറ് സസ്പെൻഷനും നേരിട്ടയാളാണ് പിആർ സുനു. തൃക്കാക്കരയിൽ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതാണ് അവസാനത്തെ കേസ്. ഭർത്താവിനെ കേസിൽ നിന്ന് മോചിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് ഇവരെ വീട്ടിലും വിവിധ ഇടങ്ങളിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു. പരാതിയുമായി യുവതി രംഗത്തെത്തിയതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്യാതെ വിട്ടയച്ചു. ഇത് സേനയ്ക്ക് വളരെയധികം നാണക്കേട് ഉണ്ടാക്കി. സംഭവം വിവാദമായതോടെയാണ് കേസെടുക്കാൻ പോലീസ് തയ്യാറായത്.
നേരത്തെ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ കോളേജ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ സുനു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.












