ഛണ്ഡീഗഡ്: തണുപ്പിനെ പ്രതിരോധിക്കാൻ ടി ഷർട്ടിനുള്ളിൽ സ്വെറ്റർ ധരിച്ചിരുന്നുവെന്ന് സമ്മതിച്ച് രാഹുൽ ഗാന്ധി. കള്ളം കയ്യോടെ പിടികൂടിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ കുറ്റസമ്മതം. ടി ഷർട്ട് മാത്രം ധരിച്ചപ്പോൾ തണുത്തു വിറച്ചെന്നും അദ്ദേഹം ഹരിയാനയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിൽ എത്തിയപ്പോൾ മുതലാണ് തണുപ്പ് അനുഭവപ്പെടാൻ ആരംഭിച്ചത്. യാത്രയ്ക്കിടെ കീറിയ ഷർട്ട് ധരിച്ച നിർദ്ധനരായ മൂന്ന് കുട്ടികൾ തന്റെ അരികിലെത്തി. അവർ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. ആ ദിവസമാണ് ടി ഷർട്ട് മാത്രം ധരിച്ച് നടക്കാൻ തീരുമാനിച്ചത്. തണുപ്പ് ശരീരത്തെ ബാധിക്കുന്നതുവരെ ടി ഷർട്ട് മാത്രമിട്ട് നടക്കണം എന്നാണ് കരുതിയത്. ഇതിനിടെ അസഹ്യമായ തണുപ്പിൽ വിറയ്ക്കാൻ ആരംഭിച്ചു. ഇതോടെ സ്വെറ്റർ ധരിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രാഹുലിന്റെയും കോൺഗ്രസിന്റെയും കള്ള പ്രചാരണം പൊളിച്ച് ബിജെപി രംഗത്ത് എത്തിയത്. മൈനസ് ഡിഗ്രി തണുപ്പിൽ വെറും ടി ഷർട്ട് മാത്രം ധരിച്ച് നടന്നു നീങ്ങുന്ന രാഹുലിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ടി ഷർട്ടിനുള്ളിൽ സ്വെറ്റർ ധരിച്ചുകൊണ്ടുള്ള രാഹുലിന്റെ ചിത്രം പുറത്തുവിട്ടായിരുന്നു ബിജെപി നുണപ്രചാരണങ്ങൾ പൊളിച്ചടുക്കിയത്.
ബിജെപിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് രാഹുലിന്റെയും കോൺഗ്രസിന്റെയും പ്രഹസനങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് സത്യം വെളിപ്പെടുത്തി രാഹുൽ രംഗത്ത് വന്നത്.










