തിരുവനന്തപുരം : ലോറിയിൽ ലഹരിവസ്തുക്കൾ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ പാർട്ടി നേതാവ് ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ. എന്നാൽ ഷാനവാസ് വേണ്ടത്ര ജാഗ്രത പാലിച്ചില്ല. ഇത്തരം ആരോപണങ്ങളിൽ വസ്തുത ഉണ്ടോയെന്ന് പരിശോധിക്കുമെന്നും നിലവിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
ഞങ്ങളെ സംബന്ധിച്ച് ഷാനവാസിനെതിരെ തെളിവില്ല. വാഹനം വാടകയക്ക് കൊടുത്തതാണ് എന്നതിന്റെ തെളിവ് ഷാനവാസ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചിരുന്നു. സിപിഎം പ്രവർത്തകർ പ്രതിയാകുമ്പോൾ വാർത്തയാക്കുന്ന മാദ്ധ്യമങ്ങൾ മറ്റ് പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽ ഇത് കാണിക്കുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
ഷാനവാസിന്റെ ഉടമസ്ഥതയിലുളള ലോറിയിൽ നിന്ന് ഒന്നരക്കോടി വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഷാനവാസും കേസിലെ മുഖ്യപ്രതിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ ഇജാസും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഈ സംഭവം വിവാദമായതോടെ ഷാനവാസിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു.
ഇതിന് പിന്നാലെ സിപിഎം പ്രവർത്തകർ തന്നെ ഷാനവാസിനെതിരെ ഇഡിക്ക് പരാതി നൽകുകയും ചെയ്തു. അനധികൃത സ്വത്ത് ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ആലപ്പുഴയിലെ തന്നെ സിപിഎം പ്രവർത്തകരാണ് രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. ഇതെല്ലാം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Discussion about this post