ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ആർഎസ്എസ് വിരുദ്ധ പ്രസ്താവനയ്ക്ക് ചുട്ട മറുപടി നൽകി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്. രാഹുലിന് ആർഎസ്എസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ശാഖയിൽ പോയി പഠിക്കൂ എന്നും അനിൽ വിജ് പറഞ്ഞു. ആർഎസ്എസുകാർ 21 ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു അനിൽ വിജ്.
പാവങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് സംസാരിക്കുകയും കൊട്ടാരത്തിൽ യാത്ര ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് രാഹുൽ എന്ന് വിജ് പറഞ്ഞു. ആർഎസ്എസിനെ അധിക്ഷേപിച്ച് സംസാരിക്കാൻ രാഹുലിന് ഒരു യോഗ്യതയുമില്ല. സംഘടനയെപ്പറ്റി അറിയണമെങ്കിൽ ഒന്ന് ശാഖയിൽ പോയി നോക്കണം. ഇന്ന് രാജ്യം നിലനിൽക്കുന്നത് ആർഎസ്എസ് കാരണമാണെന്നും വിജ് വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി കോൺഗ്രസ് ദശലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഇതിനെല്ലാം ഫണ്ട് എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന് അനിൽ വിജ് ചോദിച്ചു. രാഹുൽ ഗാന്ധി താൻ കണ്ട മൂന്ന് പെണ്കുട്ടികളുടെവീട്ടിൽ പോയി അവരെ കാണണമായിരുന്നു. അവർ എവിടെയാണ് ജീവിക്കുന്നത് എന്നും എവിടെ കിടന്നാണ് ഉറങ്ങുന്നത് എന്നും അന്വേഷിക്കണമായിരുന്നു. അല്ലാതെ കൊട്ടാരം പോലുള്ള വാഹനത്തിൽ രാജ്യം ചുറ്റുകയല്ല വേണ്ടത് എന്നും അനിൽ വിജ് കുറ്റപ്പെടുത്തി.
Discussion about this post