റിയാദ്: സൗദിക്കാരല്ലാത്തവരെ വിവാഹം ചെയ്ത സൗദി വനിതകളുടെ മക്കള്‍ക്ക് പൗരത്വത്തിന് അവകാശം നല്‍കുന്ന നിയമം സൗദിയില്‍ പാസായി. സൗദി പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ എട്ട് ഭേദഗതി ചെയ്താണ് പുതിയ നിയമം പാസാക്കിയിരിക്കുന്നത്. പിതാവ് വിദേശി ആണെങ്കിലും മാതാവ് സൗദിക്കാരിയാണെങ്കില്‍ പതിനെട്ട് വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മക്കള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവകാശം നല്‍കുന്നതാണ് പുതിയ നിയമം.
സാധാരണയായി പിതാവ് സൗദിക്കാരന്‍ ആണെങ്കില്‍ മക്കള്‍ക്ക് സ്വയമേവ സൗദി പൗരത്വം ലഭിക്കും. എന്നാല്‍ മാതാവ് സൗദിക്കാരിയും പിതാവ് പ്രവാസിയും ആണെങ്കില്‍ മക്കള്‍ക്ക് അപേക്ഷയിലൂടെ പൗരത്വം നേടാം.
സൗദിയില്‍ ജനിക്കണം, സ്ഥിരമായി സൗദിയില്‍ താമസിക്കണം അറബി അറഞ്ഞിരിക്കണം എന്നതടക്കമുള്ള നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്കാണ് സൗദി പൗരത്വം നല്‍കുക. പതിനെട്ട് വയസ് പൂര്‍ത്തിയായ, അറബി സംസാരിക്കുന്ന, നല്ല നടപ്പുള്ളവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനാകുക.








