ചെന്നൈ: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരുടെ ലൈംഗികശേഷി ഇല്ലാതാകാനുള്ള നിയമം പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ പൈശാചികമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത് നോക്കിനില്ക്കാന് ജുഡീഷ്യറിക്ക് കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഷണ്ഡീകരണം പ്രാകൃതമാണെന്ന് തോന്നാമെങ്കിലും പ്രാകൃത കുറ്റകൃത്യങ്ങള്‍ക്ക് പ്രാകൃത ശിക്ഷ തന്നെ വേണ്ടിവരുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാവുന്നത് ഭീകരമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ്, റഷ്യ, പോളണ്ട് എന്നീ രാജ്യങ്ങളും അമേരിക്കയിലെ ഒമ്പത് സംസ്ഥാനങ്ങളും ഈ നിയമം കൊണ്ടുവന്നതായും ജസ്റ്റിസ് കിരുബാകരന്‍ വ്യക്തമാക്കി.
2011ല്‍ തമിഴ്നാട്ടില്‍ 15 വയസുകാരനെ ലൈംഗിക പീഡിപ്പിച്ച ബ്രിട്ടീഷ് പൗരന്റെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ അഭിപ്രായം.
Discussion about this post