തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രദർശനശാലകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം കളക്ഷൻ റിക്കോർഡുകൾ ഭേദിക്കുന്നു. റിലീസ് ചെയ്ത് 14 ദിവസം പിന്നിടുമ്പോഴേക്കും ചിത്രം 25 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. കേരളത്തിന് പുറത്തും ഗൾഫിലും യൂറോപ്പിലും വലിയ പിന്തുണയാണ് തിയേറ്ററുകളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
മലയാളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ സിനിമ എന്ന വിശേഷണത്തോടെയാണ് മാളികപ്പുറം മുന്നേറ്റം തുടരുന്നത്. കുട്ടികളും കുടുംബ പ്രേക്ഷകരും യുവാക്കളും ജാതിമത ഭേദമെന്യെ മാളികപ്പുറം ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് ഇന്നും തുടരുന്ന ഹൗസ്ഫുൾ ഷോകൾ.
വെറും 3.75 കോടി രൂപ ബഡ്ജറ്റിൽ വന്ന മാളികപ്പുറം നേടുന്ന വിജയം വിസ്മയാവഹമാണ് എന്നാണ് ചലച്ചിത്രവൃത്തങ്ങൾ ഒരേപോലെ അഭിപ്രായപ്പെടുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് പിള്ള തിരക്കഥയൊരുക്കിയ ചിത്രത്തിൽ മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി, ശ്രീജിത്ത് രവി, രൺജി പണിക്കർ, ആൽഫി പഞ്ഞിക്കാരൻ എന്നിവർക്ക് പുറമേ ബാലതാരങ്ങളായ ദേവനന്ദനയും ശ്രീപദും ശ്രദ്ധേയമായ വെഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണു, നീറ്റാ അന്റോ എന്നിവർ ചേർന്നാണ് മാളികപ്പുറം നിർമ്മിച്ചിരിക്കുന്നത്.
Discussion about this post