
രജസ്വലയാകുന്ന ദേവി പ്രതിഷ്ഠയുമായി ശ്രദ്ധേയമാകുകയാണ് അസമിലെ കാമാഖ്യ ദേവിയുടെ ക്ഷേത്രം. ഏറെ പ്രശസ്തമായ ഈ ക്ഷേത്രം താന്ത്രിക ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.സ്ത്രീ ശക്തിയുടെ കേന്ദ്രമായി അറിയപ്പെടുന്ന കാമാഖ്യ ക്ഷേത്രത്തിൽ യോനീ പ്രതിഷ്ഠയാണുള്ളത്.
ആസാമിലെ പ്രധാന നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്.
ദശമഹാവിദ്യമാരായ മഹാകാളി, താരാ, ചിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, തൃപുരസുന്ദരി (ഷോഡശി, ശ്രീവിദ്യ), ഭൈരവി, ധൂമാവതി, മാതംഗി (മഹാസരസ്വതി), കമല (മഹാലക്ഷ്മി)തുടങ്ങിയ ദേവീ രൂപങ്ങളാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. ഒമ്പത് യോനിപീഠങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീപീഠത്തിലാണ് പ്രധാന പ്രതിഷ്ഠയായ ശ്രീചക്രം സ്ഥാപിച്ചിരിക്കുന്നത്.
കാമാഖ്യ ക്ഷേത്രത്തിലെ യോനീ പ്രതിഷ്ഠയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്. തന്റെ പിതാവായ ദക്ഷൻറെ സമ്മതമില്ലാതെയാണ് സതീദേവി ശിവനെ വിവാഹം ചെയ്തത്. അതിനാൽ ശിവനോടുള്ള പ്രതികാരമായി ദക്ഷൻ ഒരു യാഗം നടത്തുവാൻ തീരുമാനിക്കുകയും അതിൽ സതീ ദേവിയെയും ശിവനെയും ഒഴികെയുള്ള എല്ലാ ദേവിദേവൻമാരെയും ക്ഷണിച്ചു. തന്നെ അച്ഛൻ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ യാഗത്തിന് പോയ സതീ ദേവിയെ ദക്ഷൻ സ്വീകരിച്ചില്ല, മാത്രമല്ല അപമാനിക്കുകയും ചെയ്തു.
സഹിക്കാനാവാതെ സതിദേവി യാഗഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞെത്തിയ ശിവൻ സതീ ദേവിയുടെ കത്തിക്കരിഞ്ഞ ശരീരമെടുത്ത് ലോകം മുഴുവനും നടന്നു. ഈ അവസ്ഥ അവസാനിപ്പിക്കാൻ മഹാവിഷ്ണു തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് ദേവിയുടെ ശരീരം കഷ്ണങ്ങളായി ചിതറിച്ചു. ഇതിൽ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വാസം.
യോനിയെ ആരാധിക്കുന്ന ഇവിടെ ദേവി രജസ്വലയാകുന്നു എന്ന വി ശ്വാസവുമുണ്ട്. വർഷത്തിൽ മൂന്നു ദിവസങ്ങളാണത്രെ ഇവിടെ ദേവി രജസ്വലയാവുന്നത്.
കാമാഖ്യ ദേവി രജസ്വലയാകുന്ന ആഘോഷത്തിന് അമ്പുമ്പാച്ചി മേള എന്നാണ് പറയുന്നത്. ഈ സമയത്ത് മൂന്നു ദിവസം ക്ഷേത്രം അടച്ചിടും. ആ ദിവസങ്ങളിൽ വിശ്വാസികൾക്ക് ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രവേശനമില്ലെങ്കിലും പുറത്ത് വലിയ ആഘോഷങ്ങളാണ് നടക്കുക.












