പാലക്കാട്: ഖത്തർ ലോകകപ്പിന്റെ പേരും പറഞ്ഞ് പാലക്കാട് സ്വദേശി 10 കോടിയിലധികം രൂപ തട്ടിയെടുത്തതായി പരാതി. ലാപ്‌ടോപ്പും , ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഖത്തർ ലോകകപ്പിന് വിതരണം ചെയ്യാനുള്ള ടെണ്ടർ ലഭിച്ചു എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
പാലക്കാട് മണ്ണാർക്കാട് ചന്തപ്പടി സ്വദേശി റിഷാബ് എന്നയാൾക്കെതിരെയാണ് പരാതി. സുഹൃത്തുക്കളാണ് പരാതി നൽകിയത്. കേസായതോടെ ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം.
ടി.പി ഷെഫീർ എന്ന സുഹൃത്ത് മാത്രം 10 കോടി രൂപ നൽകി. ആദ്യ ഘട്ടത്തിൽ ചെറിയ ലാഭ വിഹിതം നൽകിയതിനാൽ ഷെഫീർ ഉറ്റ സുഹൃത്തിത്തിനെ സംശയിച്ചില്ല. റിഷാബിന്റെ മാതാവും ഭാര്യയും സഹോദരനും ഉൾപ്പെടെ 7 പേർ കൂടി കേസിൽ പ്രതികളാണ്. കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് പോലീസ് യുവാവിനെതിരെ കേസെടുത്തത്.











