ന്യൂഡൽഹി: ബസ്മതി അരിയുടെ നിലവാര-തിരിച്ചറിയൽ മാനദണ്ഡങ്ങൾ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി വിജ്ഞാപനം ചെയ്തു. തവിട് ബസ്മതി അരി, തവിട് നീക്കിയത്, പുഴുങ്ങിയ തവിട് അരി, പുഴുങ്ങിയതും തവിട് നീക്കിയതുമായ അരി തുടങ്ങീ എല്ലാത്തരം ബസ്മതി അരിയുടേയും മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന ഭക്ഷ്യസുരക്ഷാ ചട്ടത്തിലെ ഭേദഗതിയാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ ചട്ടത്തിലെ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരും.
സ്വാഭാവിക ഗന്ധം അരിക്ക് ഉണ്ടാകണമെന്നും, കൃത്രിമ നിറം, പോളിഷിംഗ് വസ്തുക്കൾ, കൃത്രിമ ഗന്ധം എന്നിവ ബസ്മതി അരിയിൽ ഉപയോഗിക്കാൻ പാടില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥയിലൂടെ അരിയിലെ യൂറിക് ആസിഡ്, ഈർപ്പം എന്നിവയുടെ അളവിൽ ഉൾപ്പെടെ വ്യക്തത വരുത്തിയിട്ടുണ്ട്. അരിയുടെ ശരാശരി നീളം, ബസ്മതി അല്ലാത്ത അരിയുടെ അളവ്, തുടങ്ങിയ കാര്യങ്ങളെല്ലാം മാനദണ്ഡത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തവിടുള്ള ബസ്മതി അരിയുടെ നീളം 7 മില്ലിമീറ്റർ ആയിരിക്കണം. തവിട് മാറ്റിയതാണെങ്കിൽ 6.61 മില്ലിമീറ്റർ. അരി വേവിച്ച ശേഷം 12 മില്ലിമീറ്ററിൽ കൂടുതലായിരിക്കണം. പൊട്ടിയ ബസ്മതി അരി ആണെങ്കിൽ നീളം, വലിപ്പം തുടങ്ങിയ ചട്ടങ്ങൾ ഒഴിച്ച് ബാക്കി കാര്യങ്ങളെല്ലാം ബാധകമാണ്.








