മുംബൈ: സീരിയൽ താരം തുനിഷ ശർമ്മയുടെ മരണത്തിൽ പ്രതി ഷീസാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി കോടതി. വാസായ് കോടതിയാണ് കേസിൽ ഷീസാന് ജാമ്യം നിഷേധിച്ചത്. വാദിഭാഗം അഭിഭാഷകന്റെ വാദങ്ങൾ പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.
തുനിഷയുടെ മരണത്തിൽ സീഷാൻ ഖാന് പങ്കുണ്ടെന്ന് കുടുംബത്തിന്റെ അഭിഭാഷകനായ തരുൺ ശർമ്മ കോടതിയിൽ ആവർത്തിച്ചു. മരിക്കുമ്പോൾ തുനിഷയ്ക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന വാദം തെറ്റാണ്. മരിക്കുന്നതിന് നാളുകൾക്ക് മുൻപ് ഷീസാൻ ജയ്പൂരിൽ നിന്നും ഒരു മരുന്ന് തുനിഷയ്ക്ക് നൽകിയിരുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. വാദത്തിന് ശേഷം വാദിഭാഗം ഉന്നയിച്ച കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ച കോടതി ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
തുനിഷയുടെ ആത്മഹത്യയിൽ കഴിഞ്ഞ മാസം 25 നായിരുന്നു ഷീസാൻ ഖാനെ അറസ്റ്റ് ചെയ്തത്. തുനിഷയെ ഷീസാൻ മാനസികമായി ഉപദ്രവിച്ചിരുന്നതായി മാതാവ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആത്മഹത്യാ പ്രേരണകുറ്റം ഉൾപ്പെടെ ചുമത്തിയാണ് ഷീസാനെതിരെ കേസ് എടുത്തിട്ടുള്ളത്.










