ഇസ്ലാമാബാദ് : ഇന്ത്യൻ ടെലിവിഷൻ ഷോകൾ സംപ്രേക്ഷണം ചെയ്യുന്ന കേബിൾ ഓപ്പറേറ്റർമാർക്കെതിരെ നടപടിയുമായി പാകിസ്താൻ. അനധികൃതമായി ഇന്ത്യൻ പരിപാടികൾ സംപ്രേക്ഷണം ചെയ്ത നാല് കേബിൾ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. ഷാർജ കേബിൾ നെറ്റ്‌വർക്ക്, കറാച്ചി കേബിൾ സർവീസസ്, ന്യൂ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, സ്റ്റാർ ഡിജിറ്റൽ കേബിൾ നെറ്റ്‌വർക്ക് എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. പാകിസ്താൻ ഇലക്ട്രോണിക് മീഡിയ ആന്റ് റെഗുലേറ്ററി അതോറിറ്റിയാണ് (പിഇഎംആർഎ) ഇക്കാര്യം അറിയിച്ചത്.
ഇവിടെ നിന്നും നിരവധി വസ്തുക്കൾ പിടിച്ചെടുത്തതായാണ് വിവരം. അത് കൂടാതെ ഈ സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. പിഇഎംആർഎ യുടെ ലൈസൻസ് ഇല്ലാത്ത ഒരു ചാനലോ പരിപാടിയോ പാകിസതാനിൽ സംപ്രേക്ഷണം ചെയ്യുന്നത് നിയമ ലംഘനമാണ്. എന്നാൽ ഇത് മറികടന്നുകൊണ്ട് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
2016-ൽ പ്രാദേശിക ടെലിവിഷൻ ചാനലുകളിലും എഫ്എം റേഡിയോ ചാനലുകളിലും ഇന്ത്യൻ പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് പിഇഎംആർഎ പൂർണ്ണമായും വിലക്കിയിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം ലാഹോർ ഹൈക്കോടതി ഈ നിരോധനം നീക്കി.2018-ൽ, ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ് അസാധുവാക്കിക്കൊണ്ട് പാകിസ്താവ്‍ സുപ്രീം കോടതി നിരോധനം പുനഃസ്ഥാപിക്കുകയായിരുന്നു.
Discussion about this post