കൊല്ലം: ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച് തിയേറ്ററുകളിൽ വൻ വിജയമായി മാറിയ സിനിമയാണ് ‘മാളികപ്പുറം‘. പ്രേക്ഷകരും നിരൂപകരും ഒരേ പോലെ പ്രശംസിച്ച ചിത്രം സമീപകാലത്തെ ഏറ്റവും വലിയ വിജയചിത്രമായി മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
‘മാളികപ്പുറം‘ തിയേറ്ററിൽ കണ്ട അനുഭവം പങ്കുവെച്ചും ചിത്രത്തെ അഭിനന്ദിച്ചും കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം ബിന്ദു കൃഷ്ണ തന്റെ പോസ്റ്റ് പിൻവലിച്ചു. ഇതോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ ബിന്ദു കൃഷ്ണയ്ക്കെതിരെ വിമർശനങ്ങൾ ശക്തമായിരിക്കുകയാണ്. നിങ്ങൾ ആരെയാണ് ഭയക്കുന്നതെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നത്.
ചിത്രത്തെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. മകൻ ശ്രീകൃഷ്ണയ്ക്കൊപ്പം കൊല്ലം കാർണിവലിലാണ് താൻ സിനിമ കണ്ടതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. മുരളിയും മാധവിയും അഭിനയിച്ച സിബി മലയിൽ ചിത്രം ആകാശദൂതിനോട് മാളികപ്പുറത്തെ ബിന്ദു കൃഷ്ണ താരതമ്യം ചെയ്തത്.
ഉണ്ണി മുകുന്ദന്റെ അഭിനയം പ്രതീക്ഷകൾക്കതീതമായിരുന്നുവെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയെയും സംവിധായകൻ വിഷ്ണു ശശിശങ്കറിനെയും നടീനടന്മാരെയും അണിയറ പ്രവർത്തകരെയുമെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ ബിന്ദു കൃഷ്ണ അഭിനന്ദിച്ചിരുന്നു.
ഇനിയും കണ്ടിട്ടില്ലാത്ത എന്റെ അയ്യപ്പനെ ഒരു നാൾ ഞാനും കാണും എന്ന വരികളോടെ അവസാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ബിന്ദു കൃഷ്ണ പിൻവലിച്ചിരിക്കുന്നത്. കേരളം പാകിസ്താനിലാണ് എന്ന് കരുതിയാണോ ബിന്ദു കൃഷ്ണ പോസ്റ്റ് പിൻവലിച്ചത് എന്ന ചോദ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുകയാണ്.
Discussion about this post