ആറന്മുള: സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. ആറന്മുള സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സജീഫ് ഖാൻ ആണ് അറസ്റ്റിലായത്. പത്തനംതിട്ട വനിത പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.
സ്റ്റേഷനിൽ ജോലിക്കെത്തിയ ജീവനക്കാരിയെ അടുക്കളയിൽ വച്ച് ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാരി ഈ വിവരം ആറന്മുള എസ്എച്ച്ഒയെ അറിയിച്ചു. എസ്എച്ച്ഒ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് പത്തനംതിട്ട ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പിയുടെ അന്വേഷണം നടക്കുമ്പോൾ തന്നെ ആക്രമണത്തിനിരയായ ജീവനക്കാരി പത്തനംതിട്ട വനിത പോലീസ് സ്റ്റേഷനിലും പരാതി നൽകി.
ഈ പരാതിയിന്മേൽ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സജീഫ് ഖാനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 354 പ്രകാരം കേസെടുത്തു. ഇതിനിടെ ഡിവൈഎസ്പി തല അന്വേഷണവും പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഇയാളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.












