ശബരിമല: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ഇടതുപക്ഷ യൂണിയൻ നേതാവിന്റെ ഗുണ്ടായിസം. തിരക്ക് അനിയന്ത്രിതമായതോടെ ഇയാൾ ഭക്തരെ പിടിച്ചു തള്ളുന്നതും ദർശനം നടത്താൻ അനുവദിക്കാതെ ക്രോധത്തോടെ ശ്രീകോവിലിന് മുന്നിൽ നിന്നും ബലം പ്രയോഗിച്ച് പിടിച്ചു മാറ്റുന്നതും മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരെ വലിയ ജനരോഷമാണ് ഉണ്ടായിരിക്കുന്നത്.
ഭക്തർക്കെതിരെ ആക്രമണം നടത്തിയത് ദേവസ്വം വാച്ചർ അരുൺ കുമാറാണ് എന്നാണ് വിവരം. ഇയാൾ ഇടതുപക്ഷ യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡരേഷൻ സംസ്ഥാന സെക്രട്ടറിയാണ്. മുഖ്യമന്ത്രി പിണറായി വിജയനം മറ്റ് സിപിഎം നേതാക്കൾക്കുമൊപ്പം ഇയാൾ നിൽക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിരുവനന്തപുരം മണക്കാട് സ്വദേശിയാണ് അരുൺ കുമാർ. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ വാച്ചറാണ് ഇയാൾ.
മകരവിളക്ക് ദിനത്തിൽ പമ്പയിലെയും ശബരിമലയിലെയും സന്നിധാനത്തെയും സർക്കാർ- ദേവസ്വം ക്രമീകരണങ്ങൾ പാളിയതായി ആക്ഷേപമുണ്ട്. തിരക്ക് അനിയന്ത്രിതമായതോടെ ഭക്തരെ എരുമേലിയിൽ മണിക്കൂറുകളോളം തടഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടുന്ന ഭക്തർ അഞ്ച് മണിക്കൂറിലേറെ ക്യൂ നിന്നാണ് കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയത്. ഇവരെയാണ് ഇടതുപക്ഷ നേതാവ് നിർദ്ദയം ശ്രീകോവിലിന് മുന്നിൽ നിന്നും തള്ളി മാറ്റിയത്. ഇയാൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
Discussion about this post