പാലക്കാട്: മണ്ണാർക്കാട് തെങ്കരയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയും രണ്ട് കുഞ്ഞുങ്ങളുമാണ് ഇറങ്ങിയത് എന്നാണ് വിവരം. പ്രദേശത്ത് കൂടി കാറിൽ പോയ യുവാക്കളാണ് ഇവയെ ആദ്യം കണ്ടത്. കാറിന്റെ ശബ്ദം കേട്ട പുലികൾ കാട്ടിനുള്ളിലേക്ക് മറഞ്ഞു.
യുവാക്കൾ പുലിയുടെയും കുഞ്ഞുങ്ങളുടെയും ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. തത്തേങ്ങലം സ്വദേശികളായ റഷീദ്, ഷറഫ്, ഖാലിദ് എന്നിവരാണ് പുലിയെ കണ്ടത്. മുൻപും പുലിയിറങ്ങിയിട്ടുള്ള പ്രദേശമാണ് തെങ്കര. ഒരുമാസം മുൻപ് ഇവിടെ വളർത്തുനായയെ പുലി കൊന്നിരുന്നു. തത്തേങ്ങലം പ്ലാന്റേഷൻ എസ്റ്റേറ്റിനടുത്ത് കോഴി ഫാമിൽ കയറിയ പുലി നൂറുകണക്കിന് കോഴികളെ കൊന്നിരുന്നു.
പുലിയെയും കുഞ്ഞുങ്ങളെയും കണ്ട സാഹാചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പുലിയെ പിടിക്കാൻ ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും, പിടികൂടാൻ സാധിച്ചിരുന്നില്ല.












