കൊച്ചി: ഇ.ഡി വിളിപ്പിച്ചത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പിവി അൻവർ എം.എൽ.എ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ.ഡി വിളിപ്പിച്ചെതെന്ന് പരിഹസിച്ച എംഎൽഎ, തനിക്ക് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് മറുപടി പറയാൻ സൗകര്യമില്ലെന്നും പറഞ്ഞു.
കർണാടകയിലെ ക്വാറി ഇടപാടുമായി ബന്ധപ്പെട്ടാണ് പി.വി അൻവറിനെ ഇ.ഡി ചോദ്യം ചെയ്തത്. കൊച്ചി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സലീം എന്ന വ്യക്തിയുടെ കയ്യില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. പരാതിയിൽ ഇഡി നേരത്തെ കേസെടുത്തിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അൻവർ തുക തട്ടിയെടുത്തതെന്നും സലീം ഇ.ഡിക്ക് മൊഴി നൽകിയിരുന്നു.
മാസം തോറും 50000 രൂപ ലാഭ വിഹിതമായി നൽകാമെന്നാണ് ആദ്യം പറഞ്ഞത്. 10 ലക്ഷം ബാങ്ക് വഴിയും 40 ലക്ഷം നേരിട്ടും കൈമാറിയെന്നും സലീം ആരോപിക്കുന്നു. ലാഭവിഹിതം കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിൽ അൻവർ പറഞ്ഞതെല്ലാം കള്ളമാണെന്ന് വ്യക്തമായി. തുടർന്നാണ് ഇ.ഡിയെ പരാതിയുമായി സമീപിക്കുന്നത്. അൻവറിന് ക്വാറി വിറ്റ ഇബ്രാഹിമിനേയും സലീമിനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടിൽ കള്ളപ്പണം ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ഇ.ഡി പരിശോധിക്കുന്നുണ്ട്.
Discussion about this post