ചർമത്തിലെ ഏറ്റവും മൃദുലമായ ഭാഗമാണ് ചുണ്ടുകൾ. മഞ്ഞുകാലമായാൽ നമ്മളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നം ചുണ്ടുകളിലെയും ചർമത്തിലെയും വരൾച്ച തന്നെയാണ്. ചുണ്ടുകൾ വരണ്ടു തുടങ്ങുമ്പോൾ തന്നെ നമ്മൾ അസ്വസ്ഥരാകും. പല പല ബ്രാൻഡുകളുടെ ലിപ് ബാമുകൾക്കായുള്ള തിരച്ചിലിലാകും നമ്മൾ. എന്നാൽ ഈ പ്രശ്നത്തിനുള്ള പരിഹാരം നമ്മുടെ അടുക്കളയിൽ നിന്ന് തന്നെയായാലോ.
ബീറ്റ്റൂട്ട് കൊണ്ട് നമുക്ക് ഈസിയായി ഒരു ലിപ് ബാം ഉണ്ടാക്കാം. ഇതിന് തൊലി കളഞ്ഞ ശേഷം ബീറ്റ്റൂട്ട് നന്നായി ഗ്രേറ്റ് ചെയ്തെടുക്കാം. ഇതിന്റെ നീര് പിഴിഞ്ഞെടുത്ത ശേഷം ബാക്കി വന്ന ബീറ്റ്റൂട്ട് ഒരു തുണിയിൽ വിരിച്ചിട്ട് ഉണക്കിയെടുക്കാം.
ഒരു പാത്രത്തിൽ 3-4 തുള്ളി വെളിച്ചെണ്ണയെടുത്ത് അതിലേക്ക് ഉണക്കി വെച്ച ബീറ്റ്റൂട്ട് ചേർക്കാം. വിറ്റാമിൻ ഇ ഓയിലും ഇതിലേക്ക് ചേർത്ത് കൊടുക്കാം. എല്ലാം ചേർത്ത് അടച്ച് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കാം. ഇതോടെ ഹെർബൽ ലിപ് ബാം റെഡി.
ഇത് കൂടാതെ ചുണ്ടുകളെ സംരക്ഷിക്കുന്നതിനായി മറ്റ് പ്രകൃതിദത്തമായ മാർഗങ്ങളുമുണ്ട്.
കറ്റാർവാഴ ജെൽ : രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ചുണ്ടിൽ കറ്റാർവാഴ ജെൽ തേക്കുന്നത് ചുണ്ടുകളിലെ വരൾച്ച മാറാൻ സഹായിക്കും. കറ്റാർവാഴ ജെൽ വെളിച്ചെണ്ണയോടൊപ്പം ചേർത്ത് തേക്കുന്നതും കൂടുതൽ ഫലപ്രദമായിരിക്കും
വെളിച്ചെണ്ണ : എല്ലാവരുടെയും അടുക്കളയിൽ ഉണ്ടാവുന്ന വസ്തുവാണ് വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ അത് തേടി വേറെ എങ്ങും പോകേണ്ടതില്ല. വെളിച്ചെണ്ണ ചുണ്ടുകളിൽ പുരട്ടി മസ്സാജ് ചെയുന്നത് ചുണ്ടുകളുടെ വരൾച്ച മാറാൻ സഹായിക്കും. ഇത് പതിവായി പുരട്ടുന്നത് ശീലമാക്കാം.
തേൻ : പ്രകൃതിദത്തമായ മോയിസ്ചറൈസറാണ് തേൻ. അതിനാൽ ചുണ്ടുകളുടെ വരൾച്ച അകറ്റാൻ തേൻ സഹായിക്കും
റോസ് വാട്ടർ: ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതും ചുണ്ടുകളിലെ വരൾച്ച അകറ്റാൻ സഹായിക്കും.
Discussion about this post