സിംഗപ്പൂർ: അമൃത്സർ വിമാനത്താവളത്തിൽ 35 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. ഷെഡ്യൂൾ ചെയ്ത സമയത്തിന് മുന്നെയാണ് സിംഗപ്പൂരിലേക്കുള്ള വിമാനം പുറപ്പെട്ടത്. ഇതോടെ വിമാനത്തിൽ സീറ്റ് ചെയ്ത 35 പേർക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അമൃത്സർ വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് 7.55ന് പുറപ്പെടേണ്ടിയിരുന്ന സ്‌കൂട്ട് എയർലൈൻ വിമാനമാണ് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്. വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്തിരുന്നവർ ഇതോടെ വിമാനത്താവള അധികൃതർക്ക് പരാതി നൽകി. എയർപോർട്ട് അധികൃതർ ഉടൻ തന്നെ എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ടു. എന്നാൽ സമയമാറ്റത്തെ കുറിച്ച് യാത്രക്കാർക്ക് ഇമെയിൽ വഴി അറിയിപ്പ് കൊടുത്തിരുന്നുവെന്നാണ് എയർലൈൻ കമ്പനിയുടെ നിലപാട്.
280 യാത്രക്കാരാണ് വിമാനത്തിൽ സിംഗപ്പൂരിലേക്ക് പോകാൻ ബുക്ക് ചെയ്തിരുന്നത്. സ്‌കൂട്ട് എയർലൈൻ, അമൃത്സർ എയർപോർട്ട് അതോറിറ്റി എന്നിവരിൽ നിന്നാണ് ഡിജിസിഎ വിശദാംശങ്ങൾ തേടിയത്. അതേസമയം യാത്ര നഷ്ടമായ 30 പേരും ഒരു ട്രാവൽ ഏജന്റ് വഴിയാണ് യാത്ര ബുക്ക് ചെയ്തതെന്നും, സമയമാറ്റത്തെ കുറിച്ച് ഇയാൾ യാത്രക്കാരെ അറിയിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.








