തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. കാബിനറ്റ് റാങ്കോടെ ആയിരിക്കും നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എം.പി സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു.
മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ നേരത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയായിരുന്നു. കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞു നിന്ന കെ.വി.തോമസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. പിന്നാലെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കെ.വി.തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത്. കോൺഗ്രസിന്റെ വിലക്ക് മറികടന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെ തുടർന്നാണ് കെ.വി.തോമസ് പാർട്ടിയുമായി അകലുന്നത്.












