തിരുവനന്തപുരം : ക്രിമിനൽ കേസുകളിൽ പ്രതികളായവർ ഉൾപ്പെടെ മൂന്ന് പോലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിട്ടു. ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, ഡ്രൈവർ ഷെറി എസ് രാജ്, സി.പി.ഒ റെജി ഡേവിഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്. ലൈംഗിക പീഡനം ഉൾപ്പെടെയുളള കേസുകളിൽ പ്രതികളാണ് പോലീസുകാർ. പോലീസ് സേനയിൽ നടത്തുന്ന ശുദ്ധികലശത്തിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി.
ലൈംഗികപീഡന കേസിലും വയോധികയെ മർദ്ദിച്ച കേസിലെയും പ്രതിയാണ് ഷെറി എസ് രാജ്. പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിനെ തുടർന്നാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത്. ലൈംഗിക പീഡനക്കേസിൽ പ്രതിയാണ് റെജി ഡേവിഡ്.
നേരത്തെ ഗുണ്ടാ സംഘങ്ങളുമായി ബന്ധം പുലർത്തിയ ഡിവൈഎസ്പി ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി ഉണ്ടായത്. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ. ജോൺസൺ, വിജിലൻസ് ഡിവൈഎസ്പി എം പ്രസാദ് എന്നിവർക്കെതിരെയാണ് നേരത്തെ നടപടി എടുത്തത്. ഗുണ്ടാ ബന്ധത്തിൽ നേരത്തെ നാല് സി.ഐമാരടക്കം 5 പേരെ സസ്‌പെൻഡ് ചെയ്തിരുന്നു.
Discussion about this post