കണ്ണൂർ: എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്‌കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. വളപട്ടണം സ്വദേശി അസീം (25) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.
സ്‌കൂൾ ബസിൽവച്ചാണ് അസീം മൂന്നര വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുൻപായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ടതോടെ രക്ഷിതാക്കൾ കാര്യം തിരക്കി. ഇതോടെ പെൺകുട്ടി അസീം ഉപദ്രവിച്ചതായി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ പോലീസിൽ പരാതി നൽകി.
കണ്ണൂർ ടൗൺ പോലീസിനാണ് പരാതിയിൽ കേസ് എടുത്തത്. ഇതിന് പിന്നാലെ സ്‌കൂളിൽ എത്തി അസീമിനെ ചോദ്യം ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതോടെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.












