ബംഗളൂരു : തർക്കത്തെ തുടർന്ന് തന്നെ ബോണറ്റിലിട്ട് കാർ അതിവേഗതയിൽ ഓടിച്ചെന്ന പരാതിയുമായി യുവാവ്. ദർശൻ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.കാറുകൾ തമ്മിൽ തട്ടിയതിനെ ചൊല്ലി തർക്കമുണ്ടായതിന് പിന്നാലെയാണ് യുവതി ഈ രീതിയിൽ പ്രവർത്തിച്ചത്. ബോണറ്റിൽ കിടന്ന യുവാവിനെയും കൊണ്ട് ഒരു കിലോമീറ്റർ ദൂരമാണ് പ്രിയങ്ക എന്ന യുവതി വാഹനം ഓടിച്ചത്.
ബംഗളൂരുവിലെ ജ്ഞാനഭാരതി നഗറിലെ ഉള്ളാൾ മെയിൻ റോഡിൽ വച്ചായിരുന്നു സംഭവം. പ്രിയങ്ക ഓടിച്ചിരുന്ന ടാറ്റ നെക്സൺ ദർശന്റെ സ്വിഫ്റ്റ് കാറിൽ ഇടിക്കുകയായിരുന്നു.കാർ തട്ടിയതിന് പിന്നാലെ ദർശൻ പ്രിയങ്കയോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി അശ്ലീല ആംഗ്യം കാണിച്ച് വാഹനം ഓടിച്ചുപോകാൻ ശ്രമിച്ചു. യുവതിയുടെ കാർ തടഞ്ഞപ്പോൾ പ്രിയങ്ക കാറിൽ നിന്ന് ഇറങ്ങാതെ വാഹനം മുന്നോട്ടെടുത്തു.
ഇടിച്ചിടുമെന്ന് തോന്നിയപ്പോൾ ദർശൻ വാഹനത്തിന്റെ ബോണറ്റിൽ പിടിച്ചുനിൽക്കുകയായിരുന്നു. ബോണറ്റിൽ കിടന്ന ഇയാളെയും കൊണ്ട് യുവതി ഒരു കിലോമീറ്റർ ദുരം വാഹനം ഓടിച്ചുപോയി. യുവതി കാർ നിർത്തിയപ്പോൾ ദർശനും സുഹൃത്തുക്കളും ചേർന്ന് കാറിന്റെ ഭാഗങ്ങൾ അടിച്ചു തകർത്തു. പ്രിയങ്കയും ദർശനും ഉൾപ്പടെ അഞ്ചുപേർക്കെതിരെ കേസ് എടുത്തതായി ഡിസിപി പറഞ്ഞു.












