ബംഗളൂരു: കശ്മീരി പണ്ഡിറ്റുകളുടെ പ്രധാന ദേവതയായ ശാരദാ ദേവിയുടെ ‘പഞ്ചലോഹ’ വിഗ്രഹം ഈ മാസം 24 ന് കർണാടകയിലെ ശൃംഗേരിയിൽ നിന്ന് കശ്മീരിലെ ടീത്‌വാളിലേക്ക് കൊണ്ടുപോയി പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും .രഥഘോഷയാത്ര മാർച്ച് 22 ന് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിന് മുമ്പ് വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമെന്ന് സേവ് ശാരദ കമ്മിറ്റി കശ്മീർ (എസ്‌എസ്‌സികെ) സ്ഥാപകൻ രവീന്ദർ പണ്ഡിത പറഞ്ഞു.
ജനുവരി 24-ന് ശൃംഗേരിയിൽ നിന്ന് പുറപ്പെടുന്ന രഥം ബെംഗളൂരു, മുംബൈ, പൂനെ, അഹമ്മദാബാദ്, ജയ്പൂർ, ഡൽഹി-എൻസിആർ, ചണ്ഡീഗഡ്, അമൃത്സർ, ജമ്മു, കുപ്‌വാര എന്നിവിടങ്ങളിലൂടെ കടന്നുപോകും. ‘ രഥം ഒരു കശ്മീരി പണ്ഡിറ്റ് ഭവനിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. സമുദായാംഗങ്ങൾക്ക് ശാരദയുടെ ‘ദർശനം’ അനുവദിക്കണം .കാരണം അവർക്ക് പ്രതിഷ്ഠാ ദിനത്തിൽ തീത്വാളിൽ എത്താൻ കഴിയില്ല,” രവീന്ദർ പണ്ഡിത പറഞ്ഞു. ദേവീ ആരാധനയുടെ ഒമ്പത് ശുഭദിനങ്ങളായ ചൈത്ര നവരാത്രിയുടെ ആദ്യ ദിവസമായ മാർച്ച് 22 ന് പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കും.
പ്രാദേശിക സർപഞ്ചിന്റെ അധ്യക്ഷതയിൽ ആയിരിക്കും പ്രതിഷ്ഠാ കർമ്മങ്ങൾ . 1947-ലെ നഷ്‌ടമായ പൈതൃകം ടീത്‌വാളിൽ വീണ്ടെടുക്കുന്നതിൽ ശൃംഗേരി പീഠം പിന്തുണ നൽകിയതായി രവീന്ദർ പണ്ഡിത പറഞ്ഞു. പുരാതന ഇന്ത്യയിലെ ഒരു പ്രധാന പഠനകേന്ദ്രമായിരുന്നു ശാരദ ക്ഷേത്രം . എന്നാൽ പിന്നീടത് പാക് അധിനിവേശ കശ്മീരിലെ ആക്രമണകാരികൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രം പുനരുജ്ജീവിപ്പിക്കാൻ രൂപീകരിച്ച സംഘടനയാണ് കശ്മീരിലെ സേവ് ശാരദ കമ്മിറ്റി .








