ന്യൂഡൽഹി: റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായി വിപുലമായ ഒരുക്കങ്ങൾ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നു. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകുന്നത് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയാണ്. ജനുവരി 24നാണ് അദ്ദേഹം ഡൽഹിയിലെത്തുന്നത്. ഇന്ത്യ-ഈജിപ്ത് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിരോധ, നയതന്ത്ര ചർച്ചകളിലും അബ്ദുൾ ഫത്താഹ് പങ്കെടുക്കും.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആദ്യത്തെ ഈജിപ്ഷ്യനും അഞ്ചാമത്തെ പശ്ചിമേഷ്യൻ നേതാവുമാണ് അബ്ദുൾ ഫത്താഹ്. ഈജിപ്തുമായുള്ള പ്രതിരോധ ബന്ധം പുനഃസ്ഥാപിക്കാനുള്ള ഉഭയകക്ഷി നീക്കങ്ങളുടെ ഭാഗമായിട്ടാണ് അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അബ്ദുൾ ഫത്താഹിന് പുറമെ 180 അംഗ ഉദ്യോഗസ്ഥ സംഘവും ഡൽഹിയിൽ എത്തുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പു വയ്ക്കുമെന്നും സൂചനയുണ്ട്.
ഈജിപ്ഷ്യൻ സായുധ സേനയിലെ മുൻ ജനറലും കമാൻഡറുമായിരുന്നു അബ്ദുൾ ഫത്താഹ്. 2013ൽ മുഹമ്മദ് മുർസിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. 2014ലാണ് അബ്ദുൾ ഫത്താബ് ഈജിപ്തിന്റെ ആറാമത്തെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നത്. ഈജിപ്തിലെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടർ, പ്രതിരോധ മന്ത്രി, ഉപപ്രധാനമന്ത്രി തുടങ്ങിയ നിർണ്ണായക ചുമതലകൾ വഹിച്ചതിന് ശേഷമാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്.










