കൊച്ചി: സ്ത്രീകൾ നോ എന്ന് പറഞ്ഞാൽ അതിനർത്ഥം നോ എന്ന് തന്നെയാണെന്ന് ആൺകുട്ടികൾ മനസിലാക്കണമെന്ന് ഹൈക്കോടതി. സമ്മതമില്ലാതെ ഒരു പെൺകുട്ടിയുടേയോ സ്ത്രീയുടേയോ ദേഹത്ത് തൊടാൻ പാടില്ല എന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങൾ പ്രൈമറി ക്ലാസ് മുതൽ പാഠ്യക്രമത്തിന്റെ ഭാഗമാവണം എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കോളേജിലെ ഒരു കൂട്ടം പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പൽ തനിക്കെതിരെ നടപടിയെടുത്തത് ചോദ്യം ചെയ്ത് കൊല്ലം ജില്ലയിലെ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥി നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ കാര്യം ചൂണ്ടിക്കാട്ടിയത്. തന്റെ വാദം കേൾക്കാതെയാണ് പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത് എന്നായിരുന്നു ഹർജിക്കാരൻ കോടതിയെ അറിയിച്ചത്. തുടർന്ന് പരാതി കേട്ട് പരിഹാരമുണ്ടാക്കാൻ കോളജ് തലത്തിൽ പരാതി പരിഹാര കമ്മിറ്റി രണ്ടാഴ്ചക്കുള്ളിൽ രൂപീകരിക്കാനും തുടർന്ന് ഒരുമാസത്തിനുള്ളിൽ തീരുമാനം എടുക്കാനും ഹൈക്കോടതി നിർദേശിച്ചു.
ലൈംഗികാതിക്രമങ്ങൾ തടയാൻ സ്‌കൂൾ തലം മുതൽ നടപടികൾ വേണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ തലത്തിൽ തന്നെ മാന്യ പെരുമാറ്റം സംബന്ധിച്ചുള്ള പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർദ്ധിത വിദ്യാഭഅയാസത്തിന് ഊന്നൽ നൽകണമെന്ന് ജസ്റ്റിസ് വ്യക്തമാക്കി.
തൊഴിൽ അവസരങ്ങൾക്കും അക്കാദമിക മികവിനും പ്രധാന്യം കൊടുക്കുന്നതാണ് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം. ഇത്തരം രീതി മാറേണ്ടതാണെന്ന് കോടതി വിലയിരുത്തി. ലിംഗ വിവേചനം തെറ്റാണ്. യഥാർത്ഥ പുരുഷൻ ഒരിക്കലും സ്ത്രീയെ ഭീഷണിപ്പെടുത്തുന്നവനല്ല. ദുർബല പുരുഷന്മാരാണ് സ്ത്രീകളെ ആക്രമിക്കാൻ മുതിരുന്നത്.
സമൂഹത്തിന്റെ ഒരു പാതിക്ക് ജന്മം നൽകുന്ന മറുപാതിയാണ് സ്ത്രീകൾ. അങ്ങനെ ഈ സമൂഹം തന്നെ അവരാകുന്നു. ലിംഗവിവേചനം അംഗീകരിക്കാനാവില്ല. എതിർവിഭാഗത്തിലുള്ളവരോട് ആദരവോടെ പെരുമാറാൻ കുട്ടികളെ കുടുംബങ്ങളിലും പ്രാഥമിക സ്‌കൂൾ തലത്തിലും പഠിപ്പിക്കണമെന്നും കോടതി പറഞ്ഞു.











