കൊച്ചി: സിനിമാതാരങ്ങളുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന യുവാവ് പണതട്ടിപ്പ് കേസിൽ പിടിയിൽ. തൃശൂർ സ്വദേശിയായ സ്വാതിഖ് റഹീം എന്നയാളെയാണ് 20 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്‌സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ഒട്ടേറെ പേരിൽ നിന്നായി നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. സംസ്ഥാന സർക്കാരിന്റെ കാരവൻ ടൂറിസത്തിന്റെ മറവിലും ഇയാൾ തട്ടിപ്പു നടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വിലകുറഞ്ഞ ഇലക്രോണിക് ഉൽപ്പന്നങ്ങൾ ഓൺലൈനായി ലേലം വിളിച്ച് ആപ്പ് വഴി വിൽക്കുന്ന പരിപാടിയാണ് സ്വാതിഖ് റഹീം ആദ്യം തുടങ്ങിയത്. 2020 ൽ കൊറോണ മഹാമാരിക്കാലത്ത് ഈ സംരഭം അമ്പേ പരാജയപ്പെട്ടു. നടൻ ജയസൂര്യയായിരുന്നു പ്രധാന ബ്രാൻഡ് അംബാസഡർ. ഇതിന്റെ ഭാഗമായി ജയസൂര്യയ്ക്ക് സ്വാതി റഹീം രണ്ടു കോടി രൂപ നൽകാനുണ്ടെന്നാണ് വിവരം. മഞ്ജു വാര്യർ, ബോബി ചെമ്മണ്ണൂർ തുടങ്ങിയ സെലിബ്രിറ്റികളെ മറയാക്കിയും ഇയാൾ നിക്ഷേപകരുടെ വിശ്വാസം നേടി.
നിരവധി സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സേവ് ബോക്‌സിന്റെ ലോഞ്ചിങ്ങ് പരിപാടി ഇയാൾ തൃശൂരിൽ സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങൾക്ക് സമ്മാനമായി നൽകിയ ഐഫോണുകൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
Discussion about this post