ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷം കാണാനുള്ള അവസരം സാധാരണ ജനങ്ങൾക്ക് കൂടി പ്രാപ്യമാക്കാനുള്ള നീക്കവുമായി മോദി സർക്കാർ. സെൻട്രൽ വിസ്തയിലെയും, കർത്തവ്യ പാതയിലെയും തൊഴിലാളികളും, അവരുടെ കുടുംബങ്ങളും ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ പ്രത്യേക ക്ഷണിതാക്കളാകും. പരേഡിൽ പ്രധാന വേദിക്ക് മുന്നിൽ തന്നെയായിരിക്കും ഇരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഈ വർഷം കൊണ്ടുവന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സീറ്റുകളുടെ എണ്ണത്തിലുണ്ടായ കുറവ്. പരിപാടിയുടെ ഇരിപ്പിട ക്രമീകരണങ്ങളുടെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനാണ്. സീറ്റുകളുടെ എണ്ണം 1-1.5 ലക്ഷത്തിൽ നിന്ന് 50,000 ൽ താഴെയായി കുറച്ചിട്ടുണ്ട് ഇത്തവണ. “സാധാരണക്കാരുടെ പങ്കാളിത്തം” എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ തീം.
2022 സെപ്തംബറിൽ നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂവിന്റെ ഉദ്ഘാടന വേളയിൽ രാജ്പഥിൽ നിന്ന് കർത്തവ്യ പാത എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതിന് ശേഷമുള്ള ആദ്യ റിപ്പബ്ലിക്ക് ഡേ പരേഡ് ആയിരിക്കും ഈ പരേഡ്. കർത്തവ്യ പാതയിലെ പരേഡിനുള്ള സീറ്റുകളുടെ എണ്ണം 45,000 ആയി കുറച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 32,000 സീറ്റുകളും ബീറ്റിംഗ് റിട്രീറ്റ് ഇവന്റിനുള്ള മൊത്തം സീറ്റുകളുടെ 10 ശതമാനവും പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗിനായി ലഭ്യമാകും. അതേസമയം, ക്ഷണ പ്രക്രിയ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റി.
റിപ്പോർട്ടുകൾ പ്രകാരം, 2023 ലെ റിപ്പബ്ലിക് ദിനത്തിലെ ഒരു പുതിയ ചുവടുവയ്പ്പാണ് ജനുവരി 29 ന് ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പൊതുജനങ്ങൾക്കായി ഇരിപ്പിടം അനുവദിക്കുന്നത്.വിവിധ പശ്ചാത്തലങ്ങളിൽ നിന്നും തൊഴിലുകളിൽ നിന്നുമുള്ള പൗരന്മാർക്കും ക്ഷണകത്തുകൾ അയയ്‌ക്കും. ക്ഷണക്കത്ത് ലഭിക്കുന്നവർക്ക് സൗജന്യ മെട്രോ യാത്രയും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന ജനുവരി 23 ന് ആഘോഷങ്ങൾ ആരംഭിക്കും, ജനുവരി 30 ന് രക്തസാക്ഷി ദിനം വരെ തുടരും.








