സൂറത്ത്: സാധാരണ ക്ഷേത്രങ്ങളിൽ പൂക്കളും, പഴങ്ങളും നേർച്ചയായി സമർപ്പിക്കുമ്പോൾ സൂറത്തിലെ താപി നദിയുടെ തീരത്തുള്ള ഘേല മഹാദേവ ക്ഷേത്രത്തിൽ ജീവനുള്ള ഞണ്ടുകളെയാണ് ഭക്തർ നേർച്ചയായി നൽകുന്നത്.
ആഗ്രഹങ്ങൾ നിറവേറ്റാനും, ശരീരത്തിലുണ്ടാകുന്ന വേദനകൾ പ്രത്യേകിച്ച് ചെവി രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും ഇത് ഫലപ്രദമാണെന്നാണ് ഇവരുടെ വിശ്വാസം. ഹിന്ദു കലണ്ടർ പ്രകാരം മകരസംക്രാന്തിക്ക് തൊട്ടുപിന്നാലെ വരുന്ന ‘പൗഷ്’ ദിവസമാണ് ക്ഷേത്രത്തിൽ ഏറ്റവും വിശേഷപ്പെട്ടത്.
ജീവനുള്ള ഞണ്ടുകളെ ശിവലിംഗത്തിന് സമർപ്പിച്ചാൽ തങ്ങളുടെ ആഗ്രഹം സഫലമാകുമെന്ന് ആളുകൾ വിശ്വസിക്കുന്നു. ഇത്തരമൊരു പ്രവൃത്തി ചെവി വേദന ഒഴിവാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഭൂരിഭാഗം ഭക്തരും പൂക്കളും ഇലകളും പാലും സമർപ്പിക്കുമ്പോൾ, ജീവനുള്ള ഞണ്ടുകളെ സമർപ്പിക്കാൻ പലരും പൗഷ് ദിവസത്തിനായി കാത്തിരിക്കുന്നുവെന്ന് ക്ഷേത്ര പൂജാരി മനോജ് ഗോസ്വാമി പറഞ്ഞു.
ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം, നേർച്ചയായി ലഭിക്കുന്ന ഞണ്ടുകളെ നദിയിൽ തുറന്നുവിടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള വിശ്വാസമനുസരിച്ച്, താപി നദിക്കരയിൽ വച്ച് ഒരു ഞണ്ട് ശ്രീരാമ പാദങ്ങളിൽ സ്പർശിച്ചു. രാമൻ ഞണ്ടിനെ അനുഗ്രഹിച്ചു, അന്നുമുതൽ ഈ ക്ഷേത്രത്തിൽ ജീവനുള്ള ഞണ്ടുകളെ അർപ്പിക്കുന്നവർക്ക് ആഗ്രഹങ്ങളും വേദനയിൽ നിന്ന് മോചനവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
Discussion about this post