അടൂർ: നിറഞ്ഞ ചിരിയോടെ ജഗതി ശ്രീകുമാർ. കാൽ തൊട്ടുവന്ദിച്ച് ഉപഹാരം വാങ്ങി മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ. അടൂർ ചൂരക്കോട് ഇലങ്കത്തിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരം വീണ്ടും പൊതുവേദിയിൽ എത്തിയത്.
ക്ഷേത്രത്തിലെ നവാഹജ്ഞാന യജ്ഞത്തിനു തുടക്കം കുറിക്കാനാണ് ജഗതി എത്തിയത്. മകൻ രാജ്കുമാറുമൊത്താണ് ജഗതി എത്തിയത്. വീൽ ചെയറിലിരുന്ന് അദ്ദേഹം നിലവിളക്ക് കൊളുത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നിറഞ്ഞ ചിരിയോടെ ഉൻമേഷവാനായിട്ടാണ് ചടങ്ങിൽ ഉടനീളം ജഗതിയെ കണ്ടത്. ഇടയ്ക്ക് വേദിയിലെത്തിയ മറ്റ് അതിഥികൾക്കൊപ്പം ഫോട്ടോയെടുക്കാനായി ചിരിച്ചുകൊണ്ട് പല തവണ പോസ് ചെയ്യുകയും ചെയ്തു.
ഇതിനിടയിലാണ് മേപ്പടിയാൻ ഒരുക്കിയ യുവസംവിധായകനും അടൂർ സ്വദേശിയുമായ വിഷ്ണു മോഹനെ ആദരിച്ചത്. ജഗതിയിൽ നിന്ന് ഉപഹാരം സ്വീകരിച്ച വിഷ്ണു മോഹൻ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി.
ചടങ്ങിനിടെ രണ്ട് കലാകാരൻമാർ വരച്ച ജഗതിയുടെ ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറി. പത്തനാപുരം പത്തനാപുരം മാലൂർ സ്വദേശി ആർ രാഹുൽ, അമൽ മാത്യു എന്നിവരാണ് നേരിട്ട് ജഗതിക്ക് ചിത്രങ്ങൾ കൈമാറിയത്. ചിരിച്ചുകൊണ്ട് ഇരുചിത്രങ്ങളും ഏറ്റുവാങ്ങിയ അദ്ദേഹം ഏറെ നേരം അത് പരിശോധിക്കുന്നതും കാണാമായിരുന്നു.












