ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യപ്രതിസന്ധിയും രൂക്ഷമായിരിക്കുന്ന പാകിസ്താനിൽ വൈദ്യുതി പ്രതിസന്ധിയും പാചക വാതക പ്രതിസന്ധിയും ജനങ്ങളെ വലയ്ക്കുന്നു. പാകിസ്താനിലെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ഇന്ന് പകൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. രാവിലെ 7.30നാണ് വൈദ്യുതി വിച്ചേദിക്കപ്പെട്ടത്.
പ്രധാന നഗരങ്ങളായ ക്വെറ്റ, കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലെ മിക്കയിടങ്ങളിലും വൈദ്യുതി തടസ്സം വലിയ ബുദ്ധിമുട്ട് ജനങ്ങൾക്കുണ്ടാക്കി. മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതിരുന്നതിനെ തുടർന്ന് ജനങ്ങൾ മിക്കയിടങ്ങളിലും പ്രതിഷേധിച്ചു. ചിലയിടങ്ങളിൽ രാത്രി ഏറെ വൈകിയാണ് വൈദ്യുതി പുനസ്ഥാപിക്കാനായത്.
അതിനിടെ, പാകിസ്താനിൽ പാചക വാതക പ്രതിസന്ധി ഇനിയും രൂക്ഷമാകാനാണ് സാദ്ധ്യതയെന്ന സൂചന നൽകി, പാചക വാതക വിതരണ കമ്പനികളിലെ ജീവനക്കാർ സമരം പ്രഖ്യാപിച്ചു. ഫെബ്രുവരി 1 മുതൽ തങ്ങൾ ജോലിക്ക് ഹാജരാകില്ല എന്നാണ് തൊഴിലാളികൾ സ്ഥാപന മേധാവികളെ അറിയിച്ചിരിക്കുന്നത്. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടാണ് ഇവരുടെ സമരം.
പാകിസ്താൻ നേരിടുന്ന പാചക വാതക പ്രതിസന്ധിക്ക് ഇരട്ട പ്രഹരമാണ് പാചക വാതക വിതരണ തൊഴിലാളികളുടെ സമര പ്രഖ്യാപനം. പാചക വാതക പ്രതിസന്ധി നേരിടാൻ, പാചകത്തിന് പ്രത്യേക സമയക്രമം തീരുമാനിക്കാനുള്ള സർക്കാരിന്റെ നീക്കാം പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഗാർഹിക ആവശ്യത്തിന് പാചക വാതകത്തിന്റെ ഉപയോഗം രാവിലെ 6.00 മുതൽ 9.00 വരെയും, ഉച്ചയ്ക്ക് 12.00 മുതൽ 2.00 വരെയും, വൈകീട്ട 6.00 മുതൽ 9.00 വരെയുമായി നിജപ്പെടുത്താനുള്ള നിർദേശമാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നത്.
Discussion about this post