തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ രാജ്യവിരുദ്ധ ശക്തികളെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്തരം ആൾക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹാശിസുകൾ ഉണ്ട്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം രാജ്യസ്നേഹികൾ തടയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള സിപിഎമ്മിന്റെയും അനുബന്ധ സംഘടനകളുടെയും നീക്കത്തെ രാജ്യസ്നേഹികൾ തടയും. ദൗർഭാഗ്യകരമെന്ന് പറയട്ടേ, ഇക്കൂട്ടർക്ക് മുഖ്യമന്ത്രിയുടെയും, സർക്കാരിന്റെയും പിന്തുണ ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് കലഹങ്ങൾ ഉണ്ടാക്കാനുള്ള നീക്കങ്ങളിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സുരേന്ദ്രൻ കത്ത് നൽകിയിട്ടുണ്ട്.
രാജ്യവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് എം.ടി രമേശും വ്യക്തമാക്കി. രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ശ്രമം. ഇത് അനുവദിക്കില്ലന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംടി രമേശ്.
അതേസമയം ഡോക്യുമെന്ററിയുടെ പ്രദർശനം തടയുമെന്ന് യുവമോർച്ചയും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post