കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചു കൊണ്ട് ബിബിസി സംപ്രേഷണം ചെയ്യുന്ന വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ പോലീസ് കേസെടുത്താലും പ്രശ്‌നമില്ല. ജയിലിൽ പോകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾക്ക് ഒരുപാട് ആളുകൾ ഡോക്യുമെന്ററി അയച്ചിട്ടുണ്ട്. എന്റെ പേരിൽ കേസെടുക്കട്ടെ. കുറച്ചുനാളായി ജയിലിൽ പോകാത്തതുകൊണ്ട് വിഷമമുണ്ട്. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് കേസെടുക്കുന്നതെങ്കിൽ, ജയിലിൽ പോകാനും തയാറാണെന്ന് ജയരാജൻ പറഞ്ഞു.
അതേസമയം ഇന്ന് വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിൽ ഡിവൈഎഫ്‌ഐ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രദർശിപ്പിക്കും. വൈകിട്ട് 6.30 ന് കാലടി സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്‌ഐ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ഇന്ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും എസ്എഫ്‌ഐ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ജനുവരി 27 ന് കണ്ണൂർ ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്.












