ന്യൂഡൽഹി: അനിൽ ആന്റണി കോണ്‍ഗ്രസ് പദവികളില്‍ നിന്ന് രാജി വച്ചു. ബിബിസി ഡോക്യുമെന്ററിക്കെതിരായ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ അനിലിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ വിമർശനം ശക്തമായതിന് പിന്നാലെയാണ് അനിൽ രാജിവച്ചത്. ട്വിറ്ററിലൂടെയാണ് രാജി വിവരം അറിയിച്ചത്. എഐസിസി സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്ററായിരുന്നു.
കോൺഗ്രസിലെ എല്ലാ പദവികളിൽ നിന്നുമാണ് അനിൽ രാജിവച്ചത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്നു. കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് തള്ളിക്കൊണ്ടായിരുന്നു അനിൽ ഡോക്യുമെന്ററിക്കെതിരെ രംഗത്തെത്തിയത്. പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയുടെ മകനാണ് അനിൽ. അനിലിനെതിരെ എഐസിസിക്ക് നിരവധി പരാതികളും ലഭിച്ചിരുന്നു.
കോൺഗ്രസ് നേതൃത്വത്തിനെതിരെയും അനിൽ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പാർട്ടി നേതൃത്വം സ്തുതി പാഠകരുടെ വലയിലാണെന്ന് അനിൽ വിമർശിച്ചു. തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ മോശം പ്രചാരണം ഉണ്ടായി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണ്. പ്രൊഫഷണൽ മേഖലയിൽ തുടരുമെന്നും അനിൽ വ്യക്തമാക്കി.
ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ബിബിസി ഡോക്യുമെന്ററി എന്നാണ് അനിൽ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞത്. യൂത്ത് കോൺഗ്രസ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിൽ തെറ്റില്ല, ഡോക്യുമെന്ററി നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു. നേതൃത്വത്തിൽ നിന്ന് വിമർശനങ്ങൾ ഉയർന്നെങ്കിലും, തന്റെ നിലപാടിൽ ഉറച്ച് നിൽക്കുവെന്നായിരുന്നു അനിൽ പറഞ്ഞത്.








