അഹമ്മദാബാദ് : ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട കേസിൽ 22 പേരെ വെറുതെ വിട്ട് കോടതി. ഇവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾക്ക് തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. 22 പേരിൽ എട്ട് പേർ കേസിന്റെ വിചാരണയ്ക്കിടെ മരിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഡെലോൾ ഗ്രാമത്തിൽ രണ്ട് കുട്ടികളടക്കം 17 പേർ കലാപത്തിനിടെ കൊല്ലപ്പെട്ടുവെന്ന് ആയിരുന്നു കേസ്. ലഭ്യമായിരുന്ന എല്ലാ തെളിവുകളും കോടതി പരിഗണിച്ചതായി പ്രതിഭാഗം അഭിഭാഷകൻ ഗോപാൽസിൻഹ് സോളങ്കി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങളുടെ ഫോറൻസിക് റിപ്പോർട്ടുകൾ ഉൾപ്പെടെയാണിത്. 100 സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു.
2002 ഫെബ്രുവരി 28 നാണ് സംഭവം നടന്നത്. 17 പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾക്ക് തീവെച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഇത് തെളിയിക്കാനാകാതെ വന്നതോടെ കുറ്റം ആരോപിക്കപ്പെട്ട പ്രതികളെ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു. 18 വർഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഹലോളിലെ കോടതി കേസിൽ വിധി പറഞ്ഞത്.










