തെഹ്റാൻ: അമേരിക്കൻ സൈനികരെ വധിക്കുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുന്നവർക്ക് വൻ തുക പാരിതോഷികമായി പ്രഖ്യാപിച്ച് ഇറാൻ സൈന്യം. ആക്രമണകാരികളായ ഓരോ യു.എസ്. സൈനികനേയും വധിക്കുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ അല്ലെങ്കിൽ 500 കോടി തോമാൻ) നൽകുമെന്നാണ് ഇറാന്റെ ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ ഈ സാഹസിക ദൗത്യം നിർവഹിക്കുന്നത് വനിതകളാണെങ്കിൽ അവർക്ക് ഇരട്ടി തുക, അതായത് 60,000 ഡോളർ (ഏകദേശം 56 ലക്ഷം രൂപ) പാരിതോഷികം നൽകുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാൻ സൈനികത്തലവൻ മേജർ ജനറൽ അമീർ ഹാതമിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ (IRNA) ആണ് ഈ പ്രഖ്യാപനം പുറത്തുവിട്ടത്. മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് അദ്ദേഹം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സാമ്പത്തിക ജിഹാദിലും പ്രതിരോധ നീക്കങ്ങളിലും പങ്കാളികളാകാൻ നിരവധി പൗരന്മാർ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയതെന്ന് ഹാതമി വ്യക്തമാക്കി. അമേരിക്കൻ സൈനിക ശക്തിയെക്കുറിച്ചുള്ള വാദങ്ങൾ വെറും പൊള്ളയാണെന്നും, ഇറാനുമായുള്ള ഏറ്റുമുട്ടലോടെ അവരുടെ ആധിപത്യവും പ്രഭാവവും തകർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
പശ്ചിമേഷ്യയിൽ യു.എസ് – ഇറാൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ അസാധാരണ നടപടി. കടലിടുക്കായ ഹോർമുസിലും തെക്കൻ ഇറാനിലും ഇരുരാജ്യങ്ങളും തമ്മിൽ നിരന്തരം ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. എന്നാൽ, ഇറാൻ മണ്ണിൽ നിലവിൽ നേരിട്ടുള്ള യു.എസ്. കരസേനാ സാന്നിധ്യമൊന്നുമില്ല എന്നിരിക്കെയാണ് സൈനികത്തലവന്റെ ഈ പാരിതോഷിക പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഇതോടെ മേഖലയിലെ സുരക്ഷാ ആശങ്കകളും യു.എസ് സൈനികർക്കെതിരായ ഭീഷണിയും കൂടുതൽ ശക്തമായിരിക്കുകയാണ്.












