ന്യൂഡൽഹി: പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. അനിൽ ആന്റണിയുടെ വിമർശിച്ചും ഉമ്മൻ ചാണ്ടിയിടെ മകൻ ചാണ്ടി ഉമ്മനെ വിമർശിച്ചുമാണ് ജയ്‌റാം രമേശിന്റെ ട്വീറ്റ്. ഇരുവരുടേയും പേര് പരാമർശിക്കാതെയാണ് ജയ്‌റാം രമേശിന്റെ താരതമ്യം.
ആരുടേയും പേര് പറയാതെ ഒരേ സംസ്ഥാനത്തെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളുടെ കഥ എന്ന് പറഞ്ഞാണ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയേയും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനേയുമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.
ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആൺമക്കളുടെ കഥ. ഒരാൾ ഭാരത് ജോഡോ യാത്രയിൽ തളരാതെ പലപ്പോഴും നഗ്‌നപാദനായി നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കാൻ നടക്കുന്നു. മറ്റേയാൾ തന്റെ കടമകളും യാത്രകളും പാർട്ടിയേയും അവഗണിച്ച് സൂര്യന് താഴെ ആഹ്ലാദിക്കുന്നു എന്നാണ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും താരതമ്യം ചെയ്തുള്ള ട്വീറ്റ് ഇതിനോടകം തന്നെ ഏറെ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്.








