പട്ന: രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഴുകവെ, ബിഹാറിൽ വീടിന് മുകളിൽ പാകിസ്താൻ പതാക ഉയർത്തി. മധുബനിയിലായിരുന്നു സംഭവം. ടോല ഗ്രാമത്തിലെ മസ്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദ് മുബാറകുദ്ദീന്റെ വീടിന് മുകളിലാണ് പാകിസ്താൻ പതാക ഉയർത്തിയത്.
വീടിന് മുകളിൽ പാകിസ്താൻ പതാക ഉയർത്തിയ സംഭവം പുറത്തറിഞ്ഞതോടെ സ്ഥലത്ത് യുവാക്കൾ സംഘം ചേർന്ന് പ്രതിഷേധിച്ചു. തുടർന്ന് ജില്ലാ ഭരണാധികാരികളും പോലീസും സ്ഥലത്തെത്തി. വീടിന് മുകളിൽ കയറിയ പോലീസ് പാകിസ്താൻ പതാക അഴിച്ചു മാറ്റി.
ശേഷം വീടിനുള്ളിൽ കടന്ന പോലീസ് മുബാറകുദ്ദീന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല. വീടിനുള്ളിൽ അപ്പോൾ രെഹാന പർവീൺ എന്ന സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തു. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. വീടിന് മുന്നിൽ പ്രതിഷേധവുമായി തടിച്ച് കൂടിയവരെ ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ശേഷമാണ് പോലീസ് ശാന്തരാക്കി മടക്കി അയച്ചത്.








