നൂറനാട്: ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. നൂറനാട് സ്വദേശിയായ പ്രണവ് എന്ന 27കാരനാണ് പിടിയിലായത്. ക്രൂരപീഡനമേറ്റ് അവശയായ യുവതി മാവേലിക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന യുവതിയെ പ്രണവ് തടഞ്ഞ് നിര്‍ത്തുകയും വാ പൊത്തി പിടിച്ച് വലിച്ചിഴച്ച് സ്വന്തം വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
റോഡില്‍ വച്ചുണ്ടായ പിടിവലിക്കിടെ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പാത്രങ്ങളുമെല്ലാം തെറിച്ച് റോഡില്‍ വീണിരുന്നു. ഇത് കണ്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവതിയെ അവശ നിലയില്‍ പ്രണവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി.
പോലീസ് എത്തിയപ്പോഴേക്കും പ്രണവ് സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടിരുന്നു. ശരീരമാസകലം മുറിവേറ്റ യുവതിയെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പ്രതി ലഹരി മരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഉപദ്രവം ഭയന്ന് സ്വന്തം മാതാവും സഹോദരനും മാറി താമസിക്കുകയാണ്.
Discussion about this post